കോഫെപോസെ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാർട്ടിയാണ് ലീഗെന്ന് കോടിയേരി
text_fieldsകോഴിക്കോട്: ജനജാഗ്രത യാത്രയിലെ വാഹന വിവാദം പാർട്ടി അന്വേഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊടുവള്ളിയിൽ പാർട്ടിക്ക് സ്വന്തമായി തുറന്ന ജീപ്പില്ല. ചില സമയങ്ങളിൽ വാടകക്കെടുക്കാറുണ്ട്. ഇതിനു മുൻപും കാരാട്ട് ഫൈസലിന്‍റെ വാഹനം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്. വാഹനത്തിൽ കയറുന്നതിനുമുൻപ് ഇതെവിടെ നിന്നാണെന്ന് ചോദിക്കാൻ കഴിയില്ല എന്നും കോടിയേരി പറഞ്ഞു.
കോഫെപോസ കേസിലെ പ്രതിയെ എം.എൽ.എയും മന്ത്രിയും ആക്കിയ പാർട്ടിയാണ് മുസ് ലിം ലീഗെന്നും കോടിയേരി പറഞ്ഞു.
സംഭവത്തില്‍ പ്രാദേശിക നേതൃത്വം ജാഗ്രത കാണിച്ചില്ലെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തോട് വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. സംഭവത്തില്‍ ഇതുവരെ ജില്ലാ നേതൃത്വം ഔദ്യോഗിക വിശദീകരണത്തിന് തയാറായിട്ടില്ല. എന്നാല്‍ കാരാട്ട് ഫൈസലിന്‍റെ പേരില്‍ നിലവില്‍ കേസുകളില്ല എന്നതരത്തിൽ ജില്ലാസെക്രട്ടറി കെ.പി മോഹനൻ പ്രസ്താവന നടത്തിയിരുന്നു. അതേസമയം വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാൻ തയാറായില്ല.
കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്രക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് വിവാദത്തിനിടയായ സംഭവം നടന്നത്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ബി.എം.ഡബ്ല്യു മിനികൂപ്പര്‍ കാറിലായിരുന്നു കോടിയേരി സഞ്ചരിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തി ഉചിത നടപടി കൈക്കൊള്ളണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ ഫൈസലിന്റെ കാർ ഉപയോഗിച്ചത് സംശയാസ്പദമാണെന്നും ജാഥയുടെ സ്പോൺസർ ഇക്കൂട്ടരാണോയെന്ന് സംശയിക്കണമെന്നും മായിൻഹാജി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.