കുത്തിവെച്ച് കൊല്ലാൻ ശ്രമം: അനുഷയുടെയും അരുണിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ചു
text_fieldsതിരുവല്ല: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവാനന്തര ശുശ്രൂഷയിൽ കഴിഞ്ഞ യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്ത ഫോണുകൾ തിരുവന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക് അയച്ചു. പ്രതി അനുഷയുടെയും ഇരയായ യുവതിയുടെ ഭർത്താവ് അരുണിന്റെയും ഫോണുകളാണ് ഡിലീറ്റ് ചെയ്ത വാട്ട്‌സാപ് ചാറ്റുകൾ വീണ്ടെടുക്കാനായി കൈമാറിയത്.
കായംകുളം പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ ആണ് വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയായ കായംകുളം കണ്ടല്ലൂർ വെട്ടല്ലൂർ കിഴക്കേതിൽ എസ്.അനുഷ (30) യെ കോടതി ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
സ്‌നേഹയുടെ ഭർത്താവ് അരുണിന്റെ പെൺ സുഹൃത്താണ് പ്രതി അനുഷ. ഇരുവരുടെയും മൊഴികളിലെ വൈരുധ്യമാണ് അനുഷയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. പരുമല ആശുപത്രിയിൽ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും സെക്യൂരിറ്റി ഓഫിസറും പ്രതിയെ തിരിച്ചറിഞ്ഞു.
വ്യാഴാഴ്ച വൈകിട്ടോടെ അനുഷയെ തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനുഷയുടെയും അരുണിന്റെയും ഫോണുകളിൽ നിന്ന് തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. സംഭവ ശേഷം ഇരുവരുടെയും ഫോണിലെ വാട്ട്‌സാപ് ചാറ്റുകൾ ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടക്കാനായാണ് തിരുവന്തപുരം ഫോറൻസിക് ലാബിലേക്ക് ഫോണുകൾ കൈമാറിയത്.
ചാറ്റുകൾ വീണ്ടെടുത്തെങ്കിൽ മാത്രമേ ഭർത്താവ് അരുണിന് സംഭവത്തിൽ പങ്കുണ്ടോ എന്നത് വ്യക്തമാകൂ. തിരുവല്ല ഡിവൈ.എസ്.പി എസ്. അർഷാദ്, പുളിക്കീഴ് എസ്.എച്ച്.ഒ ഇ. അജീബ് എന്നിവർക്കാണ് കേസിന്റെ അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.