മാലിന്യനിക്ഷേപകരുടെ വിവരം കൈമാറൂ, പണമുണ്ടാക്കാം
text_fieldsപാലക്കാട്: പൊതുഇടത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോയെടുത്തും വിവരം കൈമാറിയും ഇനി പണമുണ്ടാക്കാം. വിവരം ഫോട്ടോയോ മറ്റ് തെളിവുകളോ സഹിതം തദ്ദേശസ്ഥാപന അധികൃതരെ അറിയിച്ചാൽ, മാലിന്യം തള്ളിയവർക്ക് ചുമത്തുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2500 രൂപ വിവരമറിയിക്കുന്ന വ്യക്തികൾക്ക് നൽകാമെന്ന് തദ്ദേശഭരണ വകുപ്പ് ഉത്തരവിൽ അറിയിച്ചു. സ്വകാര്യസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്കും പിഴയുണ്ട്.
‘മാലിന്യമുക്തം നവകേരളം‘ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് അറിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികൾക്ക് പൊതുതീരുമാനമെടുക്കാമെന്നും പിഴയടച്ച് 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് പ്രതിഫലം നൽകണമെന്നും ഉത്തരവിൽ പറയുന്നു. തദ്ദേശസ്ഥാപന തലത്തിൽ ഇതിനായി വാട്സ്ആപ് നമ്പർ, ഇ മെയിൽ ഐ.ഡി എന്നിവ തയാറാക്കി പ്രസിദ്ധപ്പെടുത്തണം. റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കണം. മാലിന്യം തള്ളുന്നവരെയോ വാഹനത്തെയോ തിരിച്ചറിയാൻ സഹായിക്കുന്ന ഫോട്ടോ, സമയം, സ്ഥലം ഉൾപ്പെടെ തെളിവ് സഹിതമാണ് തദ്ദേശഭരണ സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യേണ്ടത്. റിപ്പോർട്ട് ചെയ്താൽ ഏഴ് ദിവസത്തിനകം അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. നടപടിക്രമം സംബന്ധിച്ച് പെർഫോർമൻസ് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്തി പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉത്തരവിൽ അറിയിച്ചു.
അതിനിടെ, മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കാൻ പ്രത്യേക എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ മാർഗരേഖ ഡി.ജി.പി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാൻ എല്ലാ ജില്ല പൊലീസ് മേധാവികൾക്കും കർശന നിർദേശം നൽകി. ഓരോ സ്റ്റേഷനിലും എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപവത്കരിച്ചു. അനധികൃത മാലിന്യനിക്ഷേപം കണ്ടെത്താനും വാഹനങ്ങളിൽ കടത്തുന്നത് പിടിച്ചെടുക്കാനും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാനും നിർദേശം നൽകിയതായി പൊലീസ് മേധാവി സർക്കാറിനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.