യാത്രക്കാരുടെ സുരക്ഷ: പാഠം പഠിക്കാതെ റെയിൽവേ
text_fieldsതൃശൂർ: യാത്രക്കാർക്ക് സമ്പൂർണ സുരക്ഷ ഒരുക്കാതെ റെയിൽവേ ഇപ്പോഴും ഇരുട്ടിൽതപ്പുന്നു. ഇന്ത്യയിൽ യാത്രാതീവണ്ടി ഓടിത്തുടങ്ങിയിട്ട് 170 വർഷം പിന്നിട്ടിട്ടും ട്രെയിനിൽ ആർക്ക് വേണമെങ്കിലും കയറിയിറങ്ങാവുന്ന സാഹചര്യത്തിന് ഇപ്പോഴും മാറ്റമില്ല. സാങ്കേതികവിദ്യ വളർന്നിട്ടും ചങ്ങല അടക്കം വലിച്ച് നിർത്താവുന്ന കാലഹരണപ്പെട്ട രീതികളും മാറ്റമില്ലാതെ തുടരുകയാണ്.
ലോക്കോ പൈലറ്റുകളാൽ വാതിൽ തുറക്കുകയും അടക്കുകയും ചെയ്യുന്ന, പൂർണമായി ശീതീകരിച്ച വന്ദേഭാരതിന് സമാനമായ ട്രെയിനുകളാണ് രാജ്യത്തിന് അഭികാമ്യം. എന്നാലിത് കുറഞ്ഞ തോതിൽ മാത്രമാണ് റെയിൽവേ നിർമിക്കുന്നത്. കഴിഞ്ഞ ബജറ്റിലും ഇത്തരം ട്രെയിനുകൾ ഇടം പിടിച്ചെങ്കിലും കേരളത്തിന് അടക്കം ഇതുവരെ ലഭിച്ചിട്ടില്ല. കേരളത്തിൽ നിലവിൽ സർവിസ് നടത്തുന്ന ദീർഘദൂര ട്രെയിനുകൾ മാത്രമാണ് എൻ.എച്ച്.ബി കോച്ചുകളുള്ളത്. സ്പെയർപാർട്സ് ലഭ്യത കുറഞ്ഞതോടെ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ.സി.എഫ്) വന്ദേഭാരത്, എൽ.എച്ച്.ബി കോച്ചുകളുടെ നിർമാണം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടായിരത്തോളം മാത്രമാണ് ഉണ്ടായത്. അതേസമയം, 2025ഓടെ എൽ.എച്ച്.ബി കോച്ചുകളുടെ നിർമാണം പൂർണമായി നിർത്തി വന്ദേഭാരത് കോച്ചുകൾ നിർമിക്കുമെന്നാണ് റെയിൽവേയുടെ അവകാശവാദം. എത്രകണ്ട് പ്രയോഗവത്കരിക്കുമെന്ന് അറിയുകയുമില്ല.
1853 ഏപ്രിൽ16ന് തുടങ്ങിയ ഇന്ത്യയിലെ റെയിൽവേ സർവിസ് ഇപ്പോഴും സുരക്ഷ കാര്യത്തിൽ ഉൾപ്പെടെ ഇരുട്ടിൽതപ്പുകയാണ്. നേരേത്ത സ്ത്രീസുരക്ഷക്കായി നിർഭയ ഫണ്ട് ഉപയോഗിച്ച് റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറ ഒരുക്കിയെങ്കിലും അതും കാര്യക്ഷമമല്ല. പ്ലാറ്റ്ഫോം ടിക്കറ്റ് 50 രൂപയാക്കി ഉയർത്തിയതല്ലാതെ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാനായിട്ടില്ല. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവളങ്ങൾക്ക് സമാനം നവീകരിക്കുന്നതിനുള്ള വിശദപദ്ധതി രേഖ ഒരുങ്ങുന്നുണ്ട്. ടിക്കറ്റ് എടുത്തവർക്ക് മാത്രം പ്ലാറ്റ്ഫോമിൽ പ്രവേശിക്കാവുന്ന നിലയിലുള്ള വികസനമാണ് വിഭാവന ചെയ്യുന്നത്. ഇത്തരം കാര്യങ്ങളിൽ കാലോചിതമായ മാറ്റം വരുത്തിയില്ലേൽ ഗോവിന്ദച്ചാമിമാരും അഗ്നിനർത്തകരുമൊക്കെ കയറി ഇറങ്ങുന്ന ഇടമായി കോച്ചുകൾ മാറും. റെയിൽവേയുടെ ക്രമസമാധാനപാലനം സംസ്ഥാന ആഭ്യന്തര വകുപ്പിനാണ്. ചെറുറെയിൽവേ സ്റ്റേഷനുകളിൽ അധികവും റെയിൽവേ ലൈനുകളും വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലെ അതിർത്തികളിൽ ആയതിനാൽ കേസ് എടുക്കുന്നത് സംബന്ധിച്ച കാര്യത്തിൽ അവ്യക്തത തുടരുകയാണ്. റെയിൽവേയുടെ സ്വത്ത് സുരക്ഷ അടക്കം കാര്യങ്ങളാണ് റെയിൽവേ സുരക്ഷസേനയുടെ ബാധ്യത. ഇക്കാര്യങ്ങളിലെല്ലാം ആഭ്യന്തരവകുപ്പും റെയിൽവേയും ഒന്നിച്ചിരുന്ന് പുതിയ സുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിച്ച് നവീകരണം സാധ്യമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.