നാല് തുറമുഖങ്ങൾ ബന്ധിപ്പിച്ച് യാത്രാ കപ്പലുകൾ വരുന്നു
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച യാത്രാ കപ്പലുകൾ തുടങ്ങാൻ പദ്ധതി. വിനോദ സഞ്ചാരികളെയടക്കം ലക്ഷ്യമിട്ടാണിത്. യു.എ.ഇ-കേരള കപ്പൽ സർവിസിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനൊപ്പമാണ് ആഭ്യന്തര കപ്പൽ സർവിസിനുള്ള നടപടികളും മാരിടൈം ബോർഡ് വേഗത്തിലാക്കിയത്.
നിലവിൽ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എൻ.സി) ക്രൂസ് ടൂറിസം സംസ്ഥാനത്ത് നടത്തുന്നുണ്ട്. നൂറുമുതൽ 200 വരെ പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലുകളാണ് കെ.എസ്.ഐ.എൻ.സിയുടേത്. സമാനമായ രീതിയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളെ ഉപയോഗപ്പെടുത്തി കപ്പൽ സർവിസിന് അവസരമൊരുക്കാനാണ് മാരിടൈം ബോർഡ് ലക്ഷ്യമിടുന്നത്. കടൽ മാർഗമുള്ള വിനോദസഞ്ചാര-യാത്രാ കപ്പലുകൾക്ക് സംസ്ഥാനത്ത് മികച്ച സ്വീകാര്യതയുണ്ടാവുമെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങൾക്ക് ‘ഇൻറർ നാഷനൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ്’ അംഗീകാരം സ്ഥിരപ്പെടുത്തി കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചിരുന്നു. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്കുള്ള സ്ഥിരാംഗീകാരം വൈകാതെ ലഭിക്കും.
യു.ഇ.എ-കേരള സെക്ടറിൽ യാത്രാ കപ്പൽ സർവിസിന് തൽപരരായവരെ കണ്ടെത്താൻ നോർക്കയുമായി സഹകരിച്ച് മാരിടൈം ബോർഡ് ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. സാങ്കേതിക നടപടി പൂർത്തിയാക്കി പുതുവർഷത്തിൽ തന്നെ ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ സർവിസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വലിയതുറയിലെ കടൽപാലവും അനുബന്ധമായുള്ള കെട്ടിടങ്ങളും പ്രയോജനപ്പെടുത്തി ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതിയും മാരിടൈം ബോർഡ് പരിഗണനയിലാണ്. നിലവിൽ കടൽപാലം ബലക്ഷയം നേരിടുന്നുണ്ട്. പാലം നവീകരണത്തിന് 25 കോടിയോളം രൂപയുടെ പദ്ധതി റിപ്പോർട്ട് ചെന്നൈ ഐ.ഐ.ടി തയാറാക്കിയിരുന്നു. ആധുനിക മത്സ്യ മാർക്കറ്റടക്കം പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതികളാണ് വലിയതുറയിൽ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.