പാസഞ്ചറുകൾ പുനഃസ്ഥാപിക്കണം; യാത്രക്കാരുടെ പ്രതിഷേധം ഇന്ന്
text_fieldsതിരുവനന്തപുരം: യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ പാസഞ്ചറുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഗർകോവിൽ മുതൽ ഷൊർണൂർവരെ റെയിൽവേ യാത്രക്കാർ ഇന്ന് പ്രതിഷേധിക്കും. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിലിന്‍റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലെ പരാതി ബുക്കിൽ പാസഞ്ചർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൂട്ടത്തോടെ പരാതിയെഴുതിയാണ് പ്രതിഷേധം.
കോവിഡിനുശേഷം എറണാകുളം-കായംകുളം പാസഞ്ചർ, കൊല്ലം-തിരുവനന്തപുരം പാസഞ്ചർ, കോട്ടയം-എറണാകുളം പാസഞ്ചർ, കൊല്ലം-പുനലൂർ പാസഞ്ചർ, കൊല്ലത്തുനിന്നുള്ള മെമു സർവിസുകൾ എന്നിവ പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് രൂക്ഷമായ യാത്ര പ്രതിസന്ധിയാണുള്ളത്. എക്സ്പ്രസ് നിരക്ക് നൽകി യാത്രചെയ്യാമെന്ന് വെച്ചാലും പാസഞ്ചറുകളില്ലാത്തതിനാൽ എക്സ്പ്രസുകളിലെ ജനറൽ കോച്ചുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുന്നതുവരെ കേരളത്തിൽ ഉടനീളം തുടർസമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നിട്ടും ഓഫിസ് സമയം പാലിക്കുന്ന ഒരു ട്രെയിൻപോലും ആലപ്പുഴ ജില്ലക്ക് ലഭിച്ചിട്ടില്ല. കൃത്യമായ ഗതാഗത സംവിധാനമില്ലാതെ പലരുടെയും ജോലി നഷ്ടപ്പെട്ടു. നിത്യവൃത്തിക്ക് എറണാകുളം ജില്ലയെ ആശ്രയിക്കുന്ന സാധാരണക്കാരായ നിരവധിയാളുകളുടെ അന്നം മുടക്കുകയാണ് റെയിൽവേ ചെയ്തതെന്നും ലിയോൺസ് ആരോപിക്കുന്നു.
റെയിൽവേ ചൂണ്ടിക്കാണിക്കുന്ന ജനശതാബ്ദിയിൽ സൂപ്പർ ഫാസ്റ്റ് നിരക്കും റിസർവേഷൻ ചാർജുകളും നൽകി യാത്ര ചെയ്യാനുള്ള സാമ്പത്തിക സുരക്ഷിതത്വമുള്ളവരല്ല ഏറിയ പങ്കും. മെമുവിൽപോലും യാത്രക്കാരുടെ എണ്ണം പരിഗണിക്കാതെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചത് വിവേചനമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.