യാത്രക്കാർ പാസഞ്ചർ ട്രെയിനിനായി കാത്തിരിക്കുന്നു
text_fieldsകൊച്ചി: പാസഞ്ചർ ട്രെയിൻ സർവിസ് ഉടനൊന്നും പുനരാരംഭിക്കില്ലെന്ന റെയിൽവേയുടെ തീരുമാനത്തിൽ നിരാശരായി യാത്രക്കാർ. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നുവെന്ന വിലയിരുത്തലിൽ പാസഞ്ചർ ഉടൻ തുടങ്ങേണ്ടെന്ന തീരുമാനമെടുത്തത്. സാധാരണക്കാരായ യാത്രക്കാർക്ക് കനത്ത പ്രഹരമേൽപ്പിക്കുന്നതാണ് തീരുമാനം.
രാജ്യത്ത് കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനൊപ്പം നിർത്തിവെച്ചതായിരുന്നു ട്രെയിൻ ഗതാഗതം.
ലോക്ഡൗൺ വാർഷികം പിന്നിട്ടിട്ടും റിസർവേഷൻ ട്രെയിനുകളും മെമു ട്രെയിനുകളും മാത്രമാണ് ഓടുന്നത്. നിത്യേന ദൂരദേശങ്ങളിലുള്ള തൊഴിൽ സ്ഥാപനങ്ങളിലേക്കും മറ്റും പോകുന്ന സാധാരണക്കാരാണ് പാസഞ്ചർ ട്രെയിനില്ലാത്തതു മൂലം ദുരിത ട്രാക്കിലോടുന്നത്. സീസൺ ടിക്കറ്റ് പുനരാരംഭിക്കാത്തതും പ്രയാസം ഇരട്ടിയാക്കുന്നുണ്ട്. സീസൺ ടിക്കറ്റുള്ള സമയത്ത് നിശ്ചിത കാലയളവിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നിരിക്കേ നിത്യേന പോക്കും വരവും റിസർവേഷനിലൂടെ മാത്രമേ നടക്കൂവെന്നത് യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിയുൾെപ്പടെ ഉന്നതർക്ക് പരാതി നൽകുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തെങ്കിലും ഇതുവരെ റെയിൽവേ ഇക്കാര്യത്തിൽ പച്ചക്കൊടി വീശിയില്ല. മാത്രവുമല്ല അടുത്തെങ്ങും ഉണ്ടാവാൻ പോവുന്നില്ലെന്ന സൂചനയും നൽകിയിരിക്കുന്നു.
ഇതിനിടെ മറ്റു പലയിടങ്ങളിലേക്കും മെമു സർവിസ് ഉണ്ടെങ്കിലും എറണാകുളം-കോട്ടയം റൂട്ടിൽ മെമു ഓടിക്കാത്തതിലും യാത്രക്കാർക്ക് പരാതിയുണ്ട്.
അറിയുന്നുണ്ടോ ഈ ദുരിതം
നിത്യേന റിസർവേഷൻ ചെയ്ത് പോകുന്ന യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വാക്കുകൾക്കുമപ്പുറമാണ്.
കോട്ടയത്തു നിന്നും എറണാകുളത്തേക്ക് ഒരു മാസത്തേക്ക് 200 രൂപ മാത്രം ചെലവഴിച്ച് സീസൺ ടിക്കറ്റിൽ പോയിരുന്നയാൾക്ക് ഇന്ന് ഒരു മാസം ട്രെയിൻ യാത്രക്കു മാത്രം 3000 രൂപയോളം ചെലവു വരുന്നു.
നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഈ ചെലവും താങ്ങാനാവുന്നില്ലെന്ന് യാത്രക്കാരിയായ എം. ദിവ്യ ചൂണ്ടിക്കാട്ടി. പലർക്കും നഗരത്തിലെ ജോലി നഷ്ടമാവാനും ഇത് കാരണമായിട്ടുണ്ട്, സ്വന്തം നാട്ടിൽ ചെറിയ ജോലി ചെയ്ത് ജീവിക്കുന്നവരും ഏറെ. പാസഞ്ചർ ട്രെയിനില്ലാത്തതിനാൽ എറണാകുളം നഗരത്തിൽ വാടക വീടുകളെടുത്തോ ഹോസ്റ്റലിലേക്കോ താമസം മാറിയവരും കുറവല്ല.
അസൗകര്യങ്ങളുടെ ട്രാക്കിൽ...
റിസർവേഷൻ ചെയ്ത ട്രെയിനിൽ മാത്രമേ കയറാവൂ എന്നത് ട്രെയിനിൽ അപകടം വരുത്തിവെക്കുന്നുവെന്നാണ് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ.ലിയോൺസ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം വേണാട് എക്സ്പ്രസിൽ കയറാനാവാതെ പാലരുവി എക്സ്പ്രസിൽ കയറിയ യാത്രക്കാരൻ ട്രെയിനിെൻറ സൈഡിൽ നിന്ന് താഴേക്ക് വീണ് കാര്യമായ പരിക്കേറ്റ സംഭവവുമുണ്ടായി. മിക്ക ട്രെയിനുകളും ഓഫിസ് സമയത്തല്ലെന്നും യാത്രക്കാരുടെ സൗകര്യം പരിഗണിക്കാതെയാണെന്നും പരാതിയുണ്ട്.
പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കാത്ത സാഹചര്യത്തിൽ സ്പോട്ട് ടിക്കറ്റിങിനുള്ള സംവിധാനം അനുവദിക്കണമെന്നും സീസൺ ടിക്കറ്റ് പുനരാരംഭിക്കണമെന്നും കൂടുതൽ മെമു സർവിസുകൾ നടത്തണമെന്നും ലിയോൺസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.