ദുരിതട്രാക്കിൽനിന്ന് മോചനമില്ലാതെ നിലമ്പൂർ റൂട്ടിലെ യാത്രക്കാർ
text_fieldsഷൊർണൂർ: രാത്രിയിൽ നിലമ്പൂർ ഭാഗത്തേക്കു പോകേണ്ട ട്രെയിൻ യാത്രക്കാരുടെ ദുരിതം തുടരുന്നു. ആലപ്പുഴയിൽനിന്ന് എറണാകുളം വഴി വരുന്ന എക്സിക്യൂട്ടിവ് എക്സ്പ്രസ് സ്ഥിരമായി വൈകുന്നതാണ് പ്രശ്നമാകുന്നത്. രാത്രി 7.55ന് ഷൊർണൂരിലെത്തി 8.15ന് കണ്ണൂരിലേക്ക് യാത്ര തുടരേണ്ട ഈ ട്രെയിൻ കൃത്യസമയം പാലിക്കുന്നേയില്ല. കഴിഞ്ഞ ഞായറാഴ്ച ഒന്നര മണിക്കൂറാണ് വൈകിയത്. ആലപ്പുഴയിൽനിന്ന് തൃശൂർ വരെ കൃത്യസമയം പാലിക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. പിന്നീടങ്ങോട്ട് പലയിടത്തും പിടിച്ചിടുകയാണ്. ഷൊർണൂർ ജങ്ഷനിലെത്തുന്നതിന് തൊട്ടുമുമ്പുള്ള ഭാരതപ്പുഴ പാലത്തിനു സമീപത്തുള്ള സിഗ്നൽ പോയന്റിൽ വരെ അര മണിക്കൂറും മറ്റും പിടിച്ചിടുന്നുണ്ട്.
ട്രെയിൻ പത്തു മിനിറ്റ് വൈകിയാൽപോലും ഈ ട്രെയിനിലെത്തുന്നവർക്ക് 8.10നുള്ള ഷൊർണൂർ- നിലമ്പൂർ പാസഞ്ചർ ട്രെയിൻ ലഭിക്കും. എന്നാൽ, അപൂർവമായി മാത്രമേ ഇത് സംഭവിക്കുന്നുള്ളൂ. ഈ ട്രെയിൻ പോയാൽ പിറ്റേന്ന് പുലർച്ചെ മാത്രമാണ് നിലമ്പൂരിലേക്ക് ട്രെയിനുള്ളത്. രാത്രി പത്തിന് കെ.എസ്.ആർ.ടി.സി ബസുണ്ടെങ്കിലും ഇത് ഷൊർണൂരിലെത്തുന്നത് നിറയെ യാത്രക്കാരുമായാണ്. കഴിഞ്ഞ മൂന്നു ദിവസവും എക്സിക്യൂട്ടിവ് എക്സ്പ്രസിന് വന്നവർക്ക് നിലമ്പൂർ ട്രെയിൻ ലഭിച്ചില്ല. യാത്രക്കാർ റെയിൽവേ അധികൃതരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. പലരും ബഹളം വെച്ച് പ്രതിഷേധിച്ചു. റെയിൽവേ പൊലീസ് ടൂറിസ്റ്റ് ബസ് വിളിച്ചുവരുത്തി നൽകാറുണ്ടെങ്കിലും 80 പേർക്ക് സഞ്ചരിക്കാൻ 25,000 രൂപ നൽകേണ്ട സ്ഥിതിയാണ്.
പലരും ടാക്സി വിളിച്ചാണ് പോകുന്നത്. പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനിലുള്ളവർ സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂവെങ്കിലും അധികൃതർക്ക് കുലുക്കമില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.