‘ജനശതാബ്ദി’ നന്നാക്കി വെടക്കാക്കിയെന്ന് യാത്രക്കാർ: ‘കുത്തനെ സീറ്റ്, വീതിയില്ല, അരമണിക്കൂർ യാത്ര തന്നെ പ്രയാസം’
text_fieldsതിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കണ്ണൂർ ജനശതാബ്ദിക്ക് എൽ.എച്ച്.ബി കോച്ചുകളെത്തിയെങ്കിലും അനുയോജ്യമല്ലാത്ത സീറ്റ് യാത്ര ദുഷ്കരമാക്കുന്നു. മെയിൽ എക്സ്പ്രസ് െട്രയിനുകളിലെ ജനറൽ കമ്പാർട്ട്മെന്‍റുകളിലേതിനേക്കാൾ മോശം സീറ്റാണ് പുതിയ കോച്ചുകളിൽ. പഴയ ജനശതാബ്ദിയിലുണ്ടായിരുന്ന പല സൗകര്യങ്ങളും പുതിയ കോച്ചുകളിലില്ല.
പഴയ കോച്ചിൽ സീറ്റുകൾ വേർതിരിച്ചിരുന്നു. എന്നാൽ മൂന്ന് പേർക്കിരിക്കാവുന്ന ഒറ്റ സീറ്റായാണ് പുതിയ ഇരിപ്പിട ക്രമീകരണം. കൈ വെക്കാനുള്ള ഹാൻഡ് റെസ്റ്റും കാൽ ചവിട്ടാനുള്ള ഫൂട്ട്റെസ്റ്റും ഇല്ലെന്നതാണ് മറ്റൊരു വെല്ലുവിളി. ‘L’ ആകൃതിയിൽ കുത്തനെയാണ് സീറ്റുകൾ. പിന്നിലേക്ക് ചാരിയിരിക്കാൻ ഒരു നിവൃത്തിയുമില്ല. ഇരിക്കുന്ന ഭാഗത്തിനാകട്ടെ ഒട്ടും വീതിയുമില്ല. കാൽമുട്ടുവരെ പോലും എത്താത്ത മുറി സീറ്റുകളെന്നാണ് പരക്കെ ആക്ഷേപം. മെമു ട്രെയിനിലെ പോലെ മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന തരത്തിലാണ് സീറ്റുകള്‍. വണ്ണമേറിയ ആളുകൾ ഇരുന്നാൽ മറ്റുള്ളവർക്ക് പ്രയാസം നേരിടുന്നതാണ് മറ്റൊരു പ്രശ്നം.
അശാസ്ത്രീയമായ സീറ്റിൽ അരമണിക്കൂർ സ്വസ്ഥമായി യാത്ര ചെയ്യാൻ പ്രയാസമാണെന്ന് അനുഭവസ്ഥർ പറയുന്നു. തിരുവനന്തപുരം-കണ്ണൂർ റൂട്ടിലേത് പത്ത് മണിക്കൂറോളം ദൈർഘ്യമേറിയ യാത്രയാണ്. പഴയ കോച്ചുകളിൽ ഭക്ഷണം കഴിക്കാനും മറ്റും മുന്നിൽ സ്റ്റാൻഡ് സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ അതില്ല. മൊബൈൽ ചാർജ് ചെയ്യാൻ പോർട്ടുകളുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. മാത്രമല്ല, ചാർജർ ഘടിപ്പിച്ച ഫോണുകൾ വെക്കാൻ സ്റ്റാൻഡോ ക്രമീകരണങ്ങളോ ഈ ഭാഗത്തെങ്ങുമില്ല. വേണാട് എക്സ്പ്രസിന് നൽകിയ എൽ.എച്ച്.ബി കോച്ചിൽ ഇതിനേക്കാൾ മികച്ച സീറ്റിങ് സൗകര്യമാണ്. പഴയ കോച്ചുകളേക്കാൾ ശബ്ദം കുറവും കാണാൻ ഭംഗിയുമുണ്ടെന്നല്ലാതെ ഒരു മെച്ചവുമില്ലെന്നാണ് യാത്രക്കാരുടെ പക്ഷം.
ജനശതാബ്ദിക്കായി പ്രത്യേക കോച്ചുകളാണ് നേരത്തെ നിർമിച്ചിരുന്നത്. ഇപ്പോൾ ഇവ നിർമിക്കുന്നില്ല. കാലപ്പഴക്കം ചെന്നവ മാറ്റുമ്പോൾ പകരം സെക്കൻഡ് ക്ലാസ് കോച്ചുകളാണ് നൽകുന്നത്. ഇത് തന്നെയാണ് മെയിൽ-എക്സ്പ്രസ് കോച്ചുകൾക്കും. കോച്ച് നിർമാണ ഫാക്ടറികൾ വന്ദേഭാരത് കോച്ചുകളിലേക്ക് ശ്രദ്ധ മാറ്റിയതോടെ മെമു ഉൾപ്പെടെയുള്ള കോച്ചുകളുടെ നിർമാണം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.