പിതാവിന്റെ വിയോഗം: മാതാവിന് കൂട്ടായി ജംഷീദ് ഹജ്ജിന്
text_fieldsകൊണ്ടോട്ടി: പിതാവിന്റെ ആകസ്മിക മരണത്തോടെ പുണ്യഭൂമിയില്‍ തനിച്ചായ മാതാവിന് തുണയേകാൻ മകന് ഹജ്ജിനായി മക്കയിലെത്തി. കോഴിക്കോട് കുന്ദമംഗലം സ്വദേശി അതൃമാന്റെ മകന് ഉണ്ടോടിയില്‍ ജംഷീദാണ് മാതാവ് സുബൈദക്ക് കൂട്ടായി പുണ്യഭൂമിയിലെത്തിയത്. വ്യാഴാഴ്ച രാവിലെ 8.50നുള്ള വിമാനത്തിലാണ് ജംഷീദ് യാത്രയായത്.
കരിപ്പൂരില്‍നിന്ന് ഈ മാസം അഞ്ചിന് പുലര്‍ച്ച 4.20ന് പുറപ്പെട്ട വിമാനത്തിലെ യാത്രികനായിരുന്നു അതൃമാന്‍. ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിന് സഹായത്തിന് കൂടെയുണ്ടായിരുന്നത് ഭാര്യ സുബൈദയായിരുന്നു. മക്കയിലെത്തിയ ശേഷമായിരുന്നു അതൃമാന്റെ മരണം. ഇതോടെ തനിച്ചായ സുബൈദക്ക് തുണയേകി സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും രംഗത്തെത്തുകയായിരുന്നു.
മകൻ ജംഷീദിനെ മക്കയിലെത്തിക്കണമെന്ന 61കാരി സുബൈദയുടെ ആവശ്യം സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രത്യേക വിസ അനുവദിച്ച് ജംഷീദിന് തീര്‍ഥാടനത്തിന് അവസരമൊരുക്കുകയുമായിരുന്നു. ശാരീരിക പ്രയാസം അനുഭവിക്കുന്ന സുബൈദക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും രംഗത്തെത്തിയതോടെയാണ് ജംഷീദിന് പ്രത്യേക യാത്രസൗകര്യം ഒരുങ്ങിയത്. മന്ത്രി വി. അബ്ദുറഹിമാന്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ സി. മുഹമ്മദ് ഫൈസി, സംസ്ഥാന ഹജ്ജ് നോഡല്‍ ഓഫിസര്‍ ജാഫര്‍ മാലിക് എന്നിവരുടെ ഇടപെടലും തുണയായി. ജംഷീദിനെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മന്ത്രി വി. അബ്ദുറഹിമാന് അനുമോദിക്കുകയും യാത്രമംഗളങ്ങള്‍ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.