ക്രിമിനൽ കേസ് നിലവിലുണ്ടെന്ന പേരിൽ പാസ്പോർട്ട് നിഷേധിക്കരുത് –ഹൈകോടതി
text_fieldsകൊച്ചി: ക്രിമിനൽ കേസ് നിലവിലുണ്ടെന്ന കാരണത്താൽ പാസ്പോർട്ട് നിഷേധിക്കരുതെന്ന് ഹൈകോടതി. പാസ്പോർട്ട് നിഷേധിക്കാനോ പിടിച്ചെടുക്കാേനാ കോടതിയിൽ കുറ്റപത്രം നൽകുകയോ കോടതി നടപടികളുണ്ടാവുകയോ വേണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പാസ്പോർട്ടിനുള്ള പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിൽ കേസ് നിലവിലുണ്ടെന്ന് രേഖപ്പെടുത്തിയാൽ കേസ് ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കണമെന്നും ഇതിന് ഡി.ജി.പി നടപടി സ്വീകരിക്കണമെന്നും വിധിയിൽ പറയുന്നു. കേസ് നിലവിലുണ്ടെന്ന പേരിൽ പാസ്പോർട്ട് പിടിച്ചെടുത്തതിനെതിരെ കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഹരജിക്കാരൻ 2014 നവംബറിലാണ് തത്കാൽ സ്കീമിൽ പാസ്പോർട്ട് എടുത്തത്. വിദേശത്തേക്ക് ജോലിക്കുപോയ ഇയാൾ 2018 ജനുവരി ഒന്നിന് മടങ്ങിയെത്തി. എന്നാൽ, വളയം പൊലീസ് സ്റ്റേഷനിൽ ഹരജിക്കാരനെതിരെ കേസ് നിലവിലുണ്ടെന്നാരോപിച്ച് എയർപോർട്ടിലെ പോർട്ട് രജിസ്ട്രേഷൻ ഒാഫിസർ പാസ്പോർട്ട് പിടിച്ചെടുത്തു. അന്യായമായി സംഘംചേരൽ, പൊതുമുതൽ നശിപ്പിക്കൽ, മാരകായുധങ്ങളുമായി ആക്രമണം നടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസാണ് നിലവിലുള്ളത്.
താൻ കേസിൽ പ്രതിയായിരുന്നില്ലെന്നും പിന്നീട് പ്രതിചേർത്ത വിവരം അറിഞ്ഞിരുന്നില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. അതേസമയം, പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിൽ കേസുണ്ടെന്ന് വ്യക്തമാക്കിയതോടെ രണ്ടുതവണ ഹരജിക്കാരെൻറ നാട്ടിലെ വിലാസത്തിൽ നോട്ടീസ് അയച്ചെങ്കിലും മറുപടിയോ വിശദീകരണമോ ലഭിച്ചില്ലെന്ന് റീജനൽ പാസ്പോർട്ട് ഒാഫിസർ മറുപടി നൽകി. എന്നാൽ, അന്വേഷണം നീണ്ടുപോകുന്ന കേസുകളിലൊക്കെ കേസ് നിലവിലുണ്ടെന്ന് വിലയിരുത്തി പാസ്പോർട്ട് തടഞ്ഞുവെക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനൽ കേസ് നിലവിലുണ്ടെന്ന് വിലയിരുത്തണമെങ്കിൽ കേസിൽ കുറ്റപത്രം സമർപ്പിക്കുകയോ കോടതി കുറ്റംചുമത്തുകയോ വേണം. ഇൗ സാഹചര്യത്തിൽ ഹരജിക്കാരെൻറ പാസ്പോർട്ട് തിരികെനൽകാൻ കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.