കൗൺസലിങ്ങിനിടെ ചിരിച്ചു; 'ബാധ ഒഴിപ്പിക്കാൻ' പാസ്റ്ററും ഭാര്യയും ക്രൂരമായി മർദിച്ചു, വീട്ടമ്മയുടെ പരാതിയിൽ കേസ്
text_fieldsഅടിമാലി: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ മർദിച്ച പാസ്റ്റർക്കും ഭാര്യക്കുമെതിരെ കേസെടുത്തു. ഇടുക്കി അടിമാലിയിൽ താമസക്കാരായ പാസ്റ്ററേയും ഭാര്യയേയും പ്രതിചേർത്ത് ഇടുക്കി വനിത സ്റ്റേഷനിലാണ് കേസെടുത്തത്. സംഭവത്തിന് ഒത്താശ ചെയ്ത എസ്.ഐയെ സസ്പെൻഡ് ചെയ്തു. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എബ്രഹാം ഐസക്കിനെയാണ് ജില്ല പൊലീസ് മേധാവി വി.യു. കുര്യാകോസ് സസ്പെൻഡ് ചെയ്തത്.
സ്റ്റേഷനിലെത്തിയ പരാതിക്കാരെ പാസ്റ്ററുടെ അടുക്കൽ കൗൺസലിങ്ങിന് അയച്ചതാണ് എസ്.ഐയെ സസ്പെൻഡ് ചെയ്യാൻ കാരണം. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊന്നത്തടി സ്വദേശിനിയായ 38കാരിയായ വീട്ടമ്മയാണ് പരാതിക്കാരി. ഇവരും ഭർത്താവും തമ്മിൽ വർഷങ്ങളായി കലഹത്തിലായിരുന്നു. ഇത് സംബന്ധിച്ച് പലകുറി സ്റ്റേഷനിൽ വിളിപ്പിച്ച് രമ്യതയിൽ വിട്ടിരുന്നെങ്കിലും വഴക്ക് തുടർന്നു. തുടർന്നാണ് എസ്.ഐ വീട്ടമ്മയെ പാസ്റ്ററുടെ വീട്ടിൽ കൗൺസലിങ്ങിന് അയച്ചത്. കൗൺസലിങ്ങിനിടെ വീട്ടമ്മ ചിരിച്ചു. ഇതോടെ വീട്ടമ്മയുടെ ശരീരത്തിൽ ബാധ കയറിയെന്ന് പറഞ്ഞ് പാസ്റ്ററും ഭാര്യയും ചേർന്ന് ഇവരെ അതിക്രൂരമായി മർദിക്കുകയായിരുന്നു.
മർദിച്ചവർക്ക് ഭർത്താവ് ഒത്താശ ചെയ്തതിനാൽ ആശുപത്രിയിൽ പോകാൻ സാധിച്ചില്ല. പിന്നീട് വനിതാ സ്റ്റേഷനിൽ വീട്ടമ്മ പരാതി നൽകുകയായിരുന്നു.
എട്ടുമാസം മുമ്പാണ് വെള്ളത്തൂവൽ സ്റ്റേഷനിൽ ആദ്യമായി ഭർത്താവിനെതിരെ പരാതിയുമായി വീട്ടമ്മ എത്തിയത്. ആദ്യം ഭർത്താവിന് കൗൺസലിങ് നടത്തി പ്രശ്നപരിഹാരത്തിന് എസ്.ഐ ശ്രമിച്ചെങ്കിലും വീണ്ടും വഴക്കുണ്ടായി. ഇതോടെ എസ്.ഐ വീട്ടമ്മയെ അടിമാലി പൂഞ്ഞാർകണ്ടത്തെ പാസ്റ്ററുടെ വീട്ടിൽ കൗൺസലിങ്ങിന് അയക്കുകയായിരുന്നു.
മർദനത്തെ കുറിച്ച് ഇടുക്കി വനിതാ സ്റ്റേഷനിൽ കഴിഞ്ഞമാസം 18നാണ് യുവതി പരാതി നൽകിയത്. ഇതോടെ ആദ്യ പരാതിയിൽ എസ്.ഐ എടുത്ത നടപടികളെക്കുറിച്ച് അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി ഇടുക്കി ഡിവൈ.എസ്.പിക്ക് നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയെ സസ്പെൻഡ് ചെയ്തത്.
തനിക്ക് വർഷങ്ങളായി അറിയുന്ന കുടുംബമാണെന്നും അവരെ സഹായിക്കാനും നല്ല ഉദ്ദേശ്യത്തോടെയുമാണ് പാസ്റ്ററുടെ അടുത്ത് എത്തിച്ചതെന്നും എസ്.ഐ പറയുന്നു. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം വീട്ടമ്മ പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.