പോക്സോ കേസിൽ പാസ്റ്റർക്ക് 10 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും
text_fieldsകോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശിയായ പാസ്റ്റർക്ക് 10 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം പിറവത്തൂർ മരങ്ങാട്ട് പുത്തൻവീട്ടിൽ പി.ജി. മത്തായിയെയാണ് (സണ്ണി - 55) അഡീഷനൽ ജില്ല കോടതി ഒന്ന് (പോക്സോ) ജഡ്ജി കെ.എൻ. സുജിത് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവുകൂടി അനുഭവിക്കേണ്ടിവരും. 2014-15 വർഷമായിരുന്നു കേസിനാസ്പദമായ സംഭവം. 2017ൽ കുട്ടിയെ ചൈൽഡ് ലൈൻ കൗൺസലിങ്ങിന് വിധേയയാക്കിയതോടെയാണ് പാസ്റ്റർ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്.
തുടർന്ന്, ഏറ്റുമാനൂർ പൊലീസ് പാസ്റ്റർക്കെതിരെ കേസെടുക്കുകയായിരുന്നു. കേസിൽ 14 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി. 12 പ്രമാണങ്ങളും പ്രോസിക്യൂഷന്റെ ഭാഗമായി എത്തിച്ചു. ഒരു സാക്ഷിയെ പ്രതിഭാഗവും ഹാജരാക്കി. ഇന്ത്യൻ ശിക്ഷാനിയമം 376 (2), (i), (j) എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ നിയമം ആറാംവകുപ്പ് പ്രകാരവുമാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഏറ്റുമാനൂർ എസ്.എച്ച്.ഒ ആയിരുന്ന നിലവിലെ പാലാ ഡിവൈ.എസ്.പി എ.ജെ. തോമസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.