സ്പീക്കറും മന്ത്രിയും പങ്കെടുത്ത പരിപാടിയിൽ വാക്കുകൾ അതിരുവിട്ടെന്ന്; അവതാരകനെ കൈകാര്യംചെയ്ത് സി.പി.എം ഏരിയാ സെക്രട്ടറി
text_fieldsപത്തനംതിട്ട ടൗൺ സ്ക്വയർ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ജില്ലയിൽ സ്പീക്കറും ആരോഗ്യ മന്ത്രിയും പങ്കെടുത്ത പരിപാടിയിൽ വാക്കുകൾ അതിരുവിട്ടുവെന്ന് ആരോപിച്ച് അവതാരകനെ സി.പി.എം ഏരിയാ സെക്രട്ടറി കൈയേറ്റം ചെയ്‌തതായി ആക്ഷേപം. അവതാരകനായ അധ്യാപകന്റെ വാക്കുകൾ അൽപം കടന്നു പോയതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരം പത്തനംതിട്ട ടൗൺ സ്ക്വയർ ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം.
പരിപാടി കഴിഞ്ഞ് മാധ്യമ പ്രവർത്തകരും വിശിഷ്‌ടാതിഥികളും പോയതിന് പിന്നാലെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് അവതാരകനായ അധ്യാപകൻ ബിനു കെ. സാമിനെ തടഞ്ഞു വെക്കുകയായിരുന്നു. ഏരിയാ സെക്രട്ടറി എം.വി. സഞ്ചു അവതാരകന്‍റെ തലക്ക് പിടിച്ച് 'നിന്‍റെ തലയിൽ ഇത്രക്കും വാക്കുകളുണ്ടോ' എന്ന് ചോദിച്ച് പിടലിക്ക് അടിക്കുകയായിരുന്നു.
നിയമസഭ സ്പീക്കർ എ.എൻ. ഷംസീറാണ് ടൗൺ സ്ക്വയർ നാടിന് സമർപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥിയായി ആരോഗ്യമന്ത്രി വീണ ജോർജും അധ്യക്ഷനായി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈനും ആയിരുന്നു. ഉദ്ഘാടകനായ സ്‌പീക്കർ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ കൂടുതൽ സമയം എടുത്ത് മുഖവുര നൽകിയെന്നും ആരോഗ്യമന്ത്രി വീണാ ജോർജിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നും ആരോപിച്ചാണ് മർദ്ദനം.
വിവരമറിഞ്ഞ് എത്തിയ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ അവതാരകനെ രക്ഷപ്പെടുത്തി വിടുകയായിരുന്നു. കോൺഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ നേതാവായ ബിനു കെ. സാം പത്തനംതിട്ട നഗരത്തിലെ എയ്ഡഡ്സ്കൂൾ അധ്യാപകനാണ്. സംഭവത്തിൽ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടില്ല. പരാതി നൽകി കൂടുതൽ മർദനമേൽക്കാനില്ലെന്നാണ് അധ്യാപകന്റെ നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.