പത്തനംതിട്ട കോൺഗ്രസ്: പുറത്താക്കപ്പെട്ട മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ വിമതർ കൂട്ടായ്മയുമായി രംഗത്ത്
text_fieldsപത്തനംതിട്ട: ജില്ലയിൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാക്കൾ കോൺഗ്രസ് പ്രതികരണ സൗഹൃദ വേദി എന്ന കൂട്ടായ്മ രൂപവത്കരിച്ചു.ഈമാസം 29ന് വൈകീട്ട് മൂന്നിന് പത്തനംതിട്ട ടൗൺ ഹാളിൽ കൺവെൻഷൻ വിളിച്ച വിമതർ ജില്ലയിലെ ഔദ്യോഗിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി നോട്ടീസും ഇറക്കി. മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. സോജി വൈസ് ചെയർമാനും മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ കൺവീനറുമാണ്.
രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിലുൾപ്പെടെ കഴിവില്ലാത്ത നേതൃത്വമാണ് ജില്ലയിൽ കോൺഗ്രസിനുള്ളതെന്നാണ് ഇവർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. സംസ്ഥാനത്തുതന്നെ കോൺഗ്രസിന് വളരെയധികം സ്വാധീനമുള്ള ജില്ലയായിരുന്നു പത്തനംതിട്ട.
അടുത്ത ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ സ്വയംസ്ഥാനാർഥിത്വം പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്തുള്ളത്. മത്സരിച്ച് പരാജയപ്പെട്ടവരും അവകാശവാദവുമായി എത്തിയിട്ടുണ്ട്. എന്നാൽ, താഴെ തട്ടിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഇവർക്ക് സാധിക്കുന്നില്ല. ആർക്കും വന്ന് മത്സരിക്കാൻ കഴിയുന്ന ഒരു കേന്ദ്രമായി ജില്ലയെ കോൺഗ്രസ് നേതൃത്വം മാറ്റി. ഗവ. പദവികളിൽ ജില്ലയിലെ ഒരു കോൺഗ്രസ് നേതാവിനും അവസരം നൽകിയില്ല.
ആരു മത്സരിച്ചാലും കൈപ്പത്തിക്ക് ജനം വോട്ടുചെയ്തു കൊള്ളും എന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തലിന് 2016 മുതൽ തിരിച്ചടി നേരിട്ടു. അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയം കടന്നുപോകുന്നത്. പാർട്ടി പരിപാടികളിൽ ബഹുജന പങ്കാളിത്തം ഇല്ല. ദൈനംദിന രാഷ്ട്രീയത്തിൽ ഡി.സി.സി നേതൃത്വത്തിന് ഇടപെടാൻ സാധിക്കുന്നില്ലെന്നും അവർ പറയുന്നു. ജില്ലയിൽ പാർട്ടി എടുത്ത എല്ലാ അച്ചടക്ക നടപടികളും അടിയന്തരമായി പിൻവലിക്കണം.കോൺഗ്രസിനെ അജയ്യ ശക്തിയായി ജില്ലയിൽ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. അതിനുവേണ്ടി ജനാധിപത്യപരമായ തുറന്ന ചർച്ചകൾക്കാണ് കൺവെൻഷൻ ചേരുന്നതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.