പത്തനംതിട്ട: തമ്മിലടിച്ച ജില്ലാ നേതാക്കളുടെ ചെവിക്കുപിടിക്കാൻ സി.പി.എം
text_fieldsപത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ അവലോകനത്തിനിടെ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലെ വാക്പോര് കൈയാങ്കളിവരെ പോയിട്ടില്ലെന്ന വിശദീകരണം നേതാക്കള്‍ക്കുതന്നെ ബാധ്യതയായി മാറുന്നു.
യോഗത്തില്‍ ഉണ്ടായ വിഷയങ്ങള്‍ വിശദമാക്കി നിരീക്ഷകനായിരുന്ന മന്ത്രി വി.എന്‍. വാസവന് നൽകിയ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വം ഗൗരവമായെടുത്ത് നടപടി ഉണ്ടാകുമെന്ന സൂചനയും പുറത്തുവന്നു. യോഗത്തിലെ വാക്പോര് കൈയാങ്കളിയുടെ വക്കിലെത്തിയെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് പറയുന്നു.
പാര്‍ട്ടി ചുമതലകള്‍ ഒഴിയാന്‍ മുൻ എം.എൽ.എ കൂടിയായ എ.പത്മകുമാര്‍ സന്നദ്ധത പ്രകടിപ്പിച്ചതും സംഭവത്തെതുടര്‍ന്ന് ആരോപണവിധേയരായവരെ ഫോണില്‍പോലും കിട്ടാതായതും വിശദീകരിച്ചിട്ടുണ്ട്. അടുത്തയാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും വിളിക്കാനും തീരുമാനമുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഭവത്തില്‍ നടപടി ഉണ്ടാകും.
ജില്ലാ സെക്രട്ടേറിയറ്റില്‍ കൈയാങ്കളി ഉണ്ടായെന്ന പ്രചാരണം മന്ത്രി വി.എന്‍. വാസവനും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ചൊവ്വാഴ്ച നിഷേധിച്ചിരുന്നു. എന്നാല്‍, യോഗത്തില്‍ വാക്തര്‍ക്കം ഉച്ചത്തിലായെന്ന് ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തു. ഇത് യോഗത്തിലെ ചര്‍ച്ചകളുടെ ഭാഗമാണെന്നായിരുന്നു അവരുടെ വിശദീകരണം. കൈയാങ്കളി ആരോപണം നിഷേധിക്കുമ്പോഴും സംഭവം നിമിഷനേരങ്ങള്‍ക്കുള്ളില്‍ പുറംലോകത്തെത്തിയതാണ് പ്രാഥമികതലത്തില്‍ അന്വേഷിക്കുന്നത്.
വിഷയം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത് സെക്രട്ടേറിയറ്റിലെ പ്രമുഖന് തന്നെയെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് നേതാക്കള്‍. തിങ്കളാഴ്ച രാത്രി നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ വാക്പോരിനെത്തുടര്‍ന്ന് എ. പത്മകുമാറിനെ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ പിടിച്ചുതള്ളിയതായ പ്രചാരണം സി.പി.എമ്മിനുതന്നെ ഏറെ മാനക്കേടായ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കള്‍ അടിയന്തരമായി ഇടപെട്ടത്.
പത്മകുമാറിനെയും ഹര്‍ഷകുമാറിനെയും ഒപ്പമിരുത്തി ജില്ല സെക്രട്ടറി വാര്‍ത്തസമ്മേളനം വിളിച്ചാണ് നിഷേധപ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് കാലയളവായതിനാല്‍ നടപടി ദോഷമായി മാറുമെന്ന് കണ്ടതോടെ സെക്രട്ടേറിയറ്റ് യോഗത്തിെല വിവാദം സംബന്ധിച്ച് വിശദീകരണം നൽകാന് ജില്ല സെക്രട്ടറിയോട് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതെന്ന് പറയുന്നു.
അസാധാരണവും നാണക്കേടുമുണ്ടാക്കിയ സംഭവമെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തലും പുറത്തുവന്നു. തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി ചുമതലകള്‍ ഒഴിയാന്‍ എ. പത്മകുമാര്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.