പത്തനംതിട്ട ജനറൽ ആശുപത്രി; പുതിയ കെട്ടിടത്തിന് ഒ.പി പൊളിക്കും
text_fieldsപത്തനംതിട്ട: ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ഒ.പി, അത്യാഹിത വിഭാഗങ്ങൾക്കായി പുതിയ കെട്ടിടങ്ങൾ പണിയാൻ നിലവിലെ ഒ.പി കെട്ടിടം പൊളിക്കുന്ന ജോലികൾ അടുത്തയാഴ്ച ആരംഭിക്കും.
നിലവിൽ ഒ.പി, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്ന കെട്ടിടം പൊളിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ 5.80 ലക്ഷം രൂപക്ക് കരാർ ഉറപ്പിച്ചതാണ്. എന്നാൽ, ഈ കെട്ടിടത്തിലെ സംവിധാനങ്ങൾ മാറ്റുന്നതു സംബന്ധിച്ച അനിശ്ചിതത്വമാണ് നടപടികൾ വൈകിപ്പിച്ചത്. ആശുപത്രി വളപ്പിൽ നിലവിലുള്ള കെട്ടിടങ്ങളിലേക്കു തന്നെയാണ് ഒ.പി, അത്യാഹിത വിഭാഗങ്ങളും രക്തബാങ്കും വാർഡുകളും പുനഃക്രമീകരിച്ചിരിക്കുന്നത്.
ഒ.പി വിഭാഗം കേരള ഹെൽത്ത് ആൻഡ് റിസർച് സെൊസൈറ്റിയുടെ(കെ.എച്ച്.ആർ.എസ്) പേ വാർഡിലേക്കാണ് മാറ്റിയത്. ഇതോടെ പേ വാർഡിന്റെ പ്രവർത്തനം നിർത്തി.
കെ.എച്ച്.ആർ.എസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ആരോഗ്യ വകുപ്പിനു കൈമാറി. ഇതിലെ ജീവനക്കാരുടെ ശമ്പളവും ആരോഗ്യ വകുപ്പ് നൽകണമെന്നാണ് ധാരണ.
വെള്ളം, വൈദ്യുതി ചാർജുകളും ആരോഗ്യ വകുപ്പ് അടക്കണം. 20 ഒ.പികളാണ് ജനറൽ ആശുപത്രിയിൽ പ്രധാനമായുള്ളത്. ആയിരത്തിലധികം രോഗികൾ പ്രതിദിനം ഒ.പിയിൽ എത്താറുണ്ട്.
ബി ആൻഡ് സി ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനവും പൂർണതോതിലായി. അത്യാഹിത വിഭാഗത്തിലേക്ക് നേരിട്ടു വാഹനമെത്താൻ സൗകര്യമില്ലെന്നതാണ് പ്രധാന പ്രശ്നം. രക്തബാങ്ക് ബി ആൻഡ് സി ബ്ലോക്കിലെ മുകളിലത്തെ നിലയിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ ഒ.പി കെട്ടിടത്തിലുണ്ടായിരുന്ന മെയിൽ, ഫീമെയിൽ വാർഡുകൾ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ മുകൾ നിലയിലേക്കു മാറ്റി.
മുൻഭാഗം അടയ്ക്കും പിന്നിലൂടെ പുതിയ വഴി
ഒ.പിയും അത്യാഹിത വിഭാഗവും മാറ്റിയതോടെ പഴയ കെട്ടിടം പൊളിച്ച് അവിടെ പുതിയ കെട്ടിടത്തിന്റെ പണികൾ ആരംഭിക്കുന്നതോടെ താൽക്കാലികമായി ജനറൽ ആശുപത്രിയുടെ മുൻഭാഗത്തുകൂടി പ്രവേശനം തടയും. ഇതിന്റെ ഭാഗമായി ഡോക്ടേഴ്സ് ലെയ്നിൽനിന്ന് ആശുപത്രിക്കുള്ളിലേക്ക് പുതിയ വഴി നിർമിച്ചു. പിന്നിലെ മതിലിടിച്ച് പുതിയ ഒ.പി ഭാഗത്തേക്ക് എത്തുന്ന പുതിയ റോഡ് വെട്ടിയിട്ടുണ്ട്. ബി ആൻഡ് സി ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിലേക്ക് ഒരു വഴികൂടി ഡോക്ടേഴ്സ് ലെയ്നിൽനിന്ന് നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പണികൾ തടസ്സപ്പെട്ടു. ഈ ഭാഗത്ത് ആശുപത്രി മതിൽ പൊളിക്കുന്നതിലെ ബുദ്ധിമുട്ടാണ് കാരണം. വീതി കുറഞ്ഞ ഡോക്ടേഴ്സ് ലെയ്നിലൂടെ വേണം ഇനി ആംബുലൻസുകൾ അടക്കം കടന്നുവരാൻ. തടസ്സം ഒഴിവാക്കാൻ മാർത്തോമ സ്കൂൾ ജങ്ഷൻ മുതൽ ഇത് വൺവേ ആക്കുന്നത് പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.