ജയിച്ചിട്ടും സഭയിലെത്താത്ത എം.എൽ.എ, നാടിന് എന്നും പ്രിയപ്പെട്ടവൻ
text_fieldsകൊച്ചി: ജയിച്ചിട്ടും നിയമസഭയിലെത്താത്ത ഈ സാമാജികന് നാടെന്നും നൽകിയത് എം.എൽ.എയുടെ സ്ഥാനം. ഏത് ആവശ്യത്തിനും വിളിപ്പുറത്തുള്ള നാട്ടുകാരുടെ പ്രിയപ്പെട്ടവൻ. ശനിയാഴ്ച അന്തരിച്ച എ.ടി. പത്രോസ് മാമലശ്ശേരി പിറവം ഉൾപ്പെടുന്ന മൂവാറ്റുപുഴയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് 1965ലായിരുന്നു. എന്നാൽ, ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതെ സഭ പിരിച്ചുവിട്ടു. അന്നുമുതൽ ഇന്നോളം ഏത് ജനപ്രതിനിധി വന്നാലും നാട്ടുകാരുടെ മനസ്സിൽ നിയമസഭ സാമാജികനായി പത്രോസുണ്ടായിരുന്നു.
ക്രീം കളര്‍ ഡബിളും ജുബ്ബയും ധരിച്ച് ഇടതുതോളില്‍ ടര്‍ക്കി ടവൽ മടക്കിയിട്ട് നടന്നുവരുന്ന പ്രിയപ്പെട്ട ചെല്ലപ്പന് ചേട്ടനാണ് അവർക്ക് അദ്ദേഹം. മാമലശ്ശേരിയിലെ വീട്ടുവളപ്പിൽ കൃഷി പരിപാലിച്ചും അയല്‍ക്കാരോടും നാട്ടുകാരോടുമൊപ്പം സമയം ചെലവിട്ടും പൊതുജനങ്ങൾക്കിടയിൽ സജീവമായിരുന്നു പത്രോസ്. തെരഞ്ഞെടുപ്പിൽ പിറവം ഉൾപ്പെടുന്ന മൂവാറ്റുപുഴ മണ്ഡലത്തിൽ കേരള കോൺഗ്രസിൽനിന്ന് മത്സരിച്ച എ.ടി. പത്രോസിന് 18,929 ഉം എതിർസ്ഥാനാർഥി കോൺഗ്രസിലെ ഇ.പി. പൗലോസിന് 14,659 ഉം വോട്ടാണ് ലഭിച്ചത്. സി.പി.ഐയിലെ എൻ. പരമേശ്വരൻ നായർ 11,281 വോട്ടും നേടി. മാമലശ്ശേരി ബസ് സ്റ്റോപ്പിന് എം.എൽ.എ പടിയെന്ന് പേര് വീണതും ഇതോടെയായിരുന്നു.
നിയമസഭയിൽ എത്തിയില്ലെങ്കിലും രാമമംഗലം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് 18 വർഷം ജനങ്ങൾ സ്വീകരിച്ചത് പത്രോസിനെയാണ്. 1963ൽ 32ാമത്തെ വയസ്സിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടാണ് പ്രസിഡൻറായത്. സമയനിഷ്ഠതയും കണിശതയും അഴിമതി വിരുദ്ധ നിലപാടും ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിച്ചു. കൊൽക്കത്ത ലോകോളജ് യൂനിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയത്. ഇന്ത്യയിലെ ഗ്രാമങ്ങളിലെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. ഹൈകോടതിയിൽ എൻറോൾ ചെയ്തെങ്കിലും അധികകാലം അഭിഭാഷക കുപ്പായമണിഞ്ഞില്ല. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കും. 11ന് ഓണക്കൂർ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.