രോഗികളുടെ വരവ് കുറഞ്ഞു; സർക്കാർ ഫാർമസികളിൽ മരുന്ന് കെട്ടിക്കിടക്കുന്നു
text_fieldsമലപ്പുറം: കോവിഡ് ഇതരരോഗികളുടെ വരവ് കുറഞ്ഞതോടെ സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ മരുന്നുകൾ കെട്ടിക്കിടക്കുന്നു. കുട്ടികളുടെ സിറപ്പ്, ഡ്രോപ്സ്, ആൻറി ബയോട്ടിക്സ്, പാരസിറ്റമോൾ എന്നിവയാണ് വിവിധ ഫാർമസികളിൽ കെട്ടിക്കിടക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം മെഡിക്കൽ കോളജ്, ജില്ല ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഒരുകോടിയോളം രൂപയുടെ മരുന്ന് കെട്ടിക്കിടക്കുന്നു. ഗുളികകൾ അടുത്ത വർഷത്തേക്ക് ഉപയോഗിക്കാൻ കഴിയും. സിറപ്പ്, ഡ്രോപ്സ് എന്നിവക്ക് കുറഞ്ഞ കാലാവധിയാണുള്ളത്. കുട്ടികൾക്കുള്ള അമോക്സിസിലിൻ സിറപ്പാണ് കൂടുതൽ ബാക്കിയുള്ളത്.
അതേസമയം, പി.എച്ച്.എസികളിൽ ഇൻസുലിൻ ഉൾപ്പെടെ ജീവൻ രക്ഷാമരുന്നുകൾക്ക് ക്ഷാമമുണ്ട്. പ്രഷർ, പ്രമേഹം, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവയുടെ മരുന്നുകൾക്കാണ് ക്ഷാമം. കോവിഡ് കാലത്ത് ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായത്. കെട്ടിക്കിടക്കുന്ന മരുന്നുകൾ തിരിച്ചെടുക്കാനുള്ള സാധ്യതയില്ല. 70 ശതമാനം മരുന്നുകളും വിറ്റുപോകാൻ സാധ്യതയുണ്ടെങ്കിലും രോഗികൾ ആശുപത്രികളിൽ എത്താത്തത് നശിക്കാൻ കാരണമാകുമെന്ന് ഫാർമസിസ്റ്റുകൾ പറയുന്നു.
കേരള മെഡിക്കൽ സർവിസ് കോർപറേഷൻ റീജനൽ ഓഫിസുകൾ വഴിയാണ് മെഡിക്കൽ കോളജ്, ജില്ല, താലൂക്ക്, പി.എച്ച്.സി എന്നിവിടങ്ങളിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.