ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: കൊമ്പുകോർത്ത് മന്ത്രിയും സംഘടനകളും
text_fieldsതിരുവനന്തപുരം: അവയവദാന ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഏകോപനത്തിൽ വീഴ്ചവരുത്തിയ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കൊമ്പുകോർത്ത് ആരോഗ്യമന്ത്രിയും സംഘടനകളും. ഡോക്ടർമാർക്കെതിരെയുള്ള സസ്പെൻഷൻ പരമ്പര അപഹാസ്യമാണെന്നും ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടികളിൽനിന്ന് ആരോഗ്യമന്ത്രി പിന്തിരിയണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ശാസ്ത്രക്രിയകളിലെ സങ്കീർണതകളെക്കുറിച്ച് ബോധ്യമില്ലാത്ത നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചതെന്നും ഐ.എം.എ കുറ്റപ്പെടുത്തി. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടർമാർക്കെതിരെയുള്ള നടപടിയിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഡോക്ടര്‍മാരെ ശിക്ഷിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതമാകുമെന്ന് സംഘടന അറിയിച്ചു. യൂറോളജി വിഭാഗം തലവന്‍റെയും നെഫ്രോളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ പരമാവധി ചികിത്സ നല്‍കിയിട്ടും നിർഭാഗ്യവശാൽ രോഗി മരിച്ചു. എന്നാല്‍, വിശദ അന്വേഷണം നടത്താതെ വകുപ്പ് മേധാവികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിത്. ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന സംഭവങ്ങളില്‍ ഡോക്ടര്‍മാരെ ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണെന്നും ആരോപിച്ചു.
അതേസമയം, നടപടി അംഗീകരിക്കില്ലെന്ന സംഘടനകളുടെ നിലപാടിനെതിരെ മന്ത്രി വീണാ ജോർജ് രംഗത്തെത്തി. മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സതേടുന്നവരുടെ ജീവൻ വിലപ്പെട്ടതാണ്. ഡോക്ടർമാർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ പിന്നെ വിദ്യാർഥികൾക്കാണോയെന്നും മന്ത്രി ചോദിച്ചു. സസ്‌പെൻഷൻ ശിക്ഷാ നടപടിയല്ല. എന്നാൽ, അതു സ്വീകരിക്കാൻ കഴിയില്ലെന്ന ഡോക്ടർമാരുടെ നിലപാട് അംഗീകരിക്കാനാകില്ല. മെഡിക്കൽ കോളജുകളുടെ പ്രവർത്തനം എങ്ങനെ വേണമെന്ന് മാർഗനിർദേശം നൽകിയിട്ടുണ്ട്. കൃത്യമായ അന്വേഷണം നടക്കും. അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വന്ന ശേഷം നടപടിയുണ്ടാകും- മന്ത്രി പറഞ്ഞു.
ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതരവീഴ്ച
തിരുവനന്തപുരം: മെഡിക്കൽ കോളജ് അവയവദാന ശസ്ത്രക്രിയ നടത്തുന്നതിൽ യൂറോളജി, നെഫ്രോളജി വിഭാഗം ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായതായി കണ്ടെത്തൽ. യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ പോറ്റി ഞായറാഴ്ച രാത്രി ഒമ്പതിനു ശേഷമാണ് ആശുപത്രിയിലെത്തിയത്. നെഫ്രോളജി വകുപ്പു മേധാവി ജേക്കബ് ജോർജ് കേരളത്തിൽ ഉണ്ടായിരുന്നില്ല. അവധി നൽകുകയോ മറ്റൊരാൾക്ക് ചുമതല നൽകുകയോ ചെയ്യാതെ ഇദ്ദേഹം ഡൽഹിൽ കോൺഫറൻസിൽ പങ്കെടുക്കാൻ പോയിരുന്നതാണ് വിവരം. അവയവം എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തിയപ്പോൾ ഇരുവരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അവയവം എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്നതിന് മുന്നോടിയായി ആവശ്യമായ എല്ലാ മുന്നറിയിപ്പും ഇ-മെയിലിലൂടെയും വാട്സ്ആപിലൂടെയും നൽകിയിരുന്നതായി അവയവദാന പ്രക്രിയയുടെ ഏകോപന ചുമതലയുള്ള മൃതസഞ്ജീവനിയുടെ നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രീഷ്യസ് ആശാ തോമസിനെ അറിയിച്ചു. കൂടുതൽ തെളിവെടുപ്പിന് ശേഷമാകും അന്തിമ റിപ്പോർട്ട് സർക്കാറിലേക്ക് സമർപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.