മരുന്ന് കുത്തിവെച്ചയുടൻ രോഗി മരിച്ച സംഭവം; പാർശ്വഫലം മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsകോഴിക്കോട്: മരുന്ന് കുത്തിവെച്ചയുടൻ രോഗി മരിച്ച സംഭവത്തിൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിനു ലഭിച്ചു. മരുന്നിന്റെ പാർശ്വഫലമാണ് മരണകാരണമെന്നാണ് ആന്തരികാവയവ പരിശോധന റിപ്പോർട്ടിലുമുള്ളതെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് അസി. കമീഷണർ കെ. സുദർശൻ 'മാധ്യമ'ത്തോടു പറഞ്ഞു. ഈ റിപ്പോർട്ടും മെഡി. കോളജിൽ രോഗി മരിച്ചതു സംബന്ധിച്ച പരാതിയിലെ അന്വേഷണ റിപ്പോർട്ടും പൊലീസ് ജില്ല മെഡിക്കൽ ഓഫിസർക്ക് സമർപ്പിക്കും. ഡി.എം.ഒയുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന മെഡിക്കൽ ബോർഡാണ് റിപ്പോർട്ടുകൾ പരിശോധിക്കുക.
അശ്രദ്ധയോടെ ചികിത്സിച്ച് മരണം സംഭവിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒക്ടോബർ 27നാണ് കൂടരഞ്ഞി സ്വദേശിനി സിന്ധു മെഡി. കോളജ് ആശുപത്രിയിലെ 21ാം വാർഡിൽ ക്രിസ്റ്റലൈൻ പെൻസിലിൻ മരുന്ന് കുത്തിവെച്ചയുടൻ മരിച്ചത്. പാർശ്വഫലസാധ്യതയുള്ള മരുന്ന് ആവശ്യമായ മുൻകരുതൽ ഇല്ലാതെ കുത്തിവെച്ചതാണ് രോഗി മരിക്കാനിടയായത് എന്ന പരാതി ഉയർന്നു. മരുന്നു മാറി കുത്തിവെച്ചുവെന്നായിരുന്നു ബന്ധുക്കളുടെ പരാതി. അതേസമയം, പാർശ്വഫലമാണ് മരണകാരണമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതു ശരിവെക്കുന്നു. അതേസമയം, അപകടസാധ്യതയുള്ള മരുന്ന് ലാഘവത്തോടെ രോഗിയിൽ കുത്തിവെച്ചതും വരാന്തയിൽ കിടന്ന രോഗിക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ കുത്തിവെച്ചതും വലിയ വീഴ്ചയാണെന്ന് അസി. കമീഷണറുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. ഇന്റേൺഷിപ്പിന് വന്ന നഴ്സാണ് രോഗിക്ക് മരുന്ന് കുത്തിവെച്ചത്. രോഗി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ വേണ്ട നടപടികൾ സ്വീകരിക്കാൻ ഡോക്ടർമാർ വാർഡിൽ ഇല്ലായിരുന്നു. പ്രതിവിധിക്കുള്ള മരുന്നും നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.