മരുന്ന് കുത്തിവെച്ചയുടൻ രോഗി മരിച്ച സംഭവം: മെഡി. കോളജിൽ ഗുരുതരവീഴ്ചയെന്ന് പൊലീസ്
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് കുത്തിവെച്ചയുടൻ രോഗി മരിച്ച സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഒക്ടോബർ 27ന് 21ാം വാർഡിലെ രോഗി തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധു (45) ആണ് മരിച്ചത്.
പൊലീസ് അസി. കമീഷണർ കെ. സുദർശനാണ് 304 എ പ്രകാരം മരണകാരണമാകാവുന്ന അശ്രദ്ധയോടെ പ്രവർത്തിച്ചു എന്ന വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകാവുന്ന മരുന്ന് മുന്നൊരുക്കങ്ങളൊന്നും പാലിക്കാതെ ലാഘവത്തോടെയാണ് നൽകിയതെന്ന് റിപ്പോർട്ടിലുണ്ട്. നഴ്സിങ് പരിശീലനത്തിന് വന്ന വിദ്യാർഥിയാണ് കുത്തിവെപ്പെടുത്തത്. കുത്തിവെച്ചയുടൻ മൊബൈലിൽ സംസാരിച്ചുകൊണ്ട് നഴ്സ് അടുത്ത രോഗിക്ക് മരുന്ന് കൊടുക്കാൻ പോയി.
ഇത്തരം മരുന്ന് കുത്തിവെച്ചാൽ രോഗിയുടെ അവസ്ഥ നിരീക്ഷിക്കാൻ ഡോക്ടറോ നഴ്സോ സമീപത്തുവേണം. ഇതുണ്ടായില്ലെന്ന് മാത്രമല്ല, അസ്വസ്ഥതയുണ്ടെന്ന് അറിയിച്ചപ്പോൾ അതൊക്കെയുണ്ടാവുമെന്ന് പറഞ്ഞ് ഹെഡ് നഴ്സ് നിസ്സാരമായി തള്ളുകയും ചെയ്തു.
എന്തെങ്കിലും റിയാക്ഷൻ ഉണ്ടായാൽ ഉടൻ നൽകേണ്ട മറുമരുന്ന് സൂക്ഷിച്ചിരുന്നില്ല. രണ്ട് ഡോക്ടർമാർ വാർഡിൽ ഉണ്ടാകണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. സംഭവം നടന്ന് 20 മിനിറ്റ് കഴിഞ്ഞ് നഴ്സ് വിളിച്ചശേഷമാണ് ഒരു ഡോക്ടർ എത്തിയത്.
പിന്നീട് മറ്റൊരു ഡോക്ടറെയും വിളിച്ചുവരുത്തി. നെഞ്ചിടിപ്പ് പരിശോധിക്കുകയല്ലാതെ മറുമരുന്നോ ഓക്സിജനോ യഥാസമയം നൽകുന്നതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. മരുന്ന് മാറി കുത്തിവെച്ചു എന്നായിരുന്നു ബന്ധുക്കളുടെ പരാതി. മരുന്ന് മാറിയതല്ല, പാർശ്വഫലം കാരണമാണ് രോഗി മരിച്ചത് എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണത്തിലും പറയുന്നത്.
രണ്ടാം ഡോസിലും മൂന്നാം ഡോസിലും അപകടം സംഭവിക്കാൻ സാധ്യതയുള്ള ക്രിസ്റ്റലൈൻ പെൻസിലിൻ എന്ന ജനറിക് നാമമുള്ള ബെൻസൈൽ പെൻസിലിനാണ് കുത്തിവെച്ചത്. ഇത് ജീവൻ രക്ഷിക്കാനുള്ള മരുന്നാണെങ്കിലും അപകടസാധ്യത ഏറെയുള്ളതിനാൽ മറ്റ് ആശുപത്രികളിൽ, സൂക്ഷിച്ചേ ഉപയോഗിക്കാറുള്ളൂയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഡെങ്കിപ്പനി പോലുള്ള അവസ്ഥയിൽ ജീവൻരക്ഷാമരുന്നായി ഉപയോഗിക്കുന്നതാണിത്. സിന്ധുവിന് ഡെങ്കിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചതാണ്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലമുൾപ്പെടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
സിന്ധുവിനെ ആദ്യം ചികിത്സിച്ച കൂടരഞ്ഞി ഹെൽത്ത് സെന്ററിലും വീട്ടിലുമെത്തി തിങ്കളാഴ്ച പൊലീസ് മൊഴി രേഖപ്പെടുത്തി. ഭർത്താവ് രഘു, നഴസിങ് വിദ്യാർഥിയായ മകൾ ദേവിക, രാഹുൽ എന്നിവരിൽനിന്ന് വിശദ മൊഴിയെടുത്തു.
അന്വേഷണ റിപ്പോർട്ട് ജില്ല മെഡിക്കൽ ഓഫിസർ അധ്യക്ഷനായ മെഡിക്കൽ ബോർഡിന് വിടും. മെഡിക്കൽ സംബന്ധമായ അന്തിമവിധി ബോർഡിന്റേതായിരിക്കും. ഇത്തരം സംഭവങ്ങളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യൽ അപൂർവമാണ്. മരണകാരണം മരുന്നിന്റെ പാർശ്വഫലമാണെങ്കിലും കേസ് നിലനിൽക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.