ഓക്സിജൻ ലഭിച്ചില്ല; മെഡിക്കൽ കോളജിൽ രോഗി മരിച്ചു
text_fieldsഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന് ആരോപണം. ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കര വലിയകുന്ന് കാട്ടിൽ ഷാജിമോനാണ് (50) മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജ് രണ്ടാം വാർഡിലാണ് സംഭവം.
നെഞ്ചുവേദനയും കടുത്ത ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെതുടർന്ന് വ്യാഴാഴ്ചയാണ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഷാജിമോനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഓക്സിജൻ മാസ്ക് ഘടിപ്പിച്ചാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. രാവിലെ ആരോഗ്യനില വഷളായതോടെ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്ന് ജീവനക്കാരിയെത്തി രോഗിയെ സ്ട്രെക്ചറിലേക്ക് മാറ്റി ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചു. എന്നാൽ, ഓക്സിജൻ ലഭിക്കാതെ രോഗി അസ്വസ്ഥത പ്രകടിപ്പിച്ചു. ഉടൻ തീവ്രപരിചരണ വിഭാഗത്തിലെത്തിക്കാൻ വാർഡിൽനിന്ന് പുറത്തേക്ക് ഇറക്കിയതോടെ നില വഷളായി. ഐ.സി.യുവിൽ പ്രവേശിപ്പിെച്ചങ്കിലും മരിച്ചു.
മരണം സംഭവിച്ചിട്ടും കാണാൻ അവസരം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച് ജീവനക്കാരുമായി വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. പി.ആർ.ഒയെ പരാതി അറിയിച്ചിട്ടുണ്ടെന്നും മരണാനന്തര ചടങ്ങിനുശേഷം അധികൃതർക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.
എന്നാൽ, ഇതുസംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയാൽ അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഭാര്യ: വാസന്തി. മക്കൾ: മിഥുൻ, വിദ്യ, വീണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.