വൃക്ക ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ച സംഭവം: ആംബുലൻസ് ഡ്രൈവർമാരെ ബലിയാടാക്കാൻ ശ്രമം
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ വൃക്കയുമായി എറണാകുളത്തുനിന്നെത്തിയ ആംബുലൻസ് ഡ്രൈവർമാരെ ബലിയാടാക്കാൻ ശ്രമം. അവയവം അടങ്ങിയ പെട്ടി ആംബുലൻസ് ഡ്രൈവർമാർ ഡോക്ടർമാരിൽനിന്ന് തട്ടിപ്പറിച്ച് ഓടി, ആശുപത്രിയിൽ അതിക്രമിച്ചുകയറി, ആശുപത്രിക്കും സർക്കാറിനും ചീത്തപ്പേരുണ്ടാക്കാൻ രംഗങ്ങൾ ചിത്രീകരിച്ചു തുടങ്ങിയ ആരോപണങ്ങളുമായി സൂപ്രണ്ടും പ്രിൻസിപ്പലും സംയുക്തമായി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
നെഫ്രോളജി വിഭാഗത്തിലെ സീനിയർ റെസിഡന്‍റ് ഡോ.അക്ഷയ്, യൂറോളജി വിഭാഗം സീനിയർ റെസിഡന്‍റ് ഡോ. ഹിമാൻഷു പാണ്ഡേ എന്നീ ഡോക്ടർമാരാണ് അവയവവുമായി എത്തിയ ആംബുലൻസിലുണ്ടായിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിൽ വാഹനം എത്തിയതിനുപിന്നാലെ വൃക്കയടങ്ങിയ കോൾഡ് ബോക്‌സുമായി ഡോക്ടർമാർ ഇറങ്ങാൻ ശ്രമിക്കുമ്പോൾ രണ്ടുപേർ പെട്ടി തട്ടിയെടുക്കുകയും ആശുപത്രിയിൽ അതിക്രമിച്ചുകയറി വിഡിയോ ചിത്രീകരിക്കുകയും ചെയ്തെന്നാണ് ആശുപത്രി അധികൃതരുടെ പരാതിയിലുള്ളത്.
അതിക്രമിച്ചുകയറിയ ആളുകൾക്ക് ആശുപത്രിയിലെ വഴികളെയും വിവിധ ചികിത്സമേഖലകളെയുംകുറിച്ച് അറിവില്ലായിരുന്നു. എട്ട് ഓപറേഷൻ തിയറ്ററുകളിൽ അടച്ചിട്ടിരുന്ന ഒന്നിെൻറ മുന്നിൽനിന്ന് വിഡിയോ ചിത്രീകരിക്കുകയും സ്ഥാപനത്തിനും സർക്കാറിനും ചീത്തപ്പേരുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സ്ഥാപനത്തെ താറടിച്ചുകാണിക്കാൻ ആരുടെയൊക്കെയോ താൽപര്യപ്രകാരം നടത്തിയ ഹീനപ്രവൃത്തികളുടെ ഉദ്ദേശ്യം വെളിച്ചത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്. ഡ്രൈവർമാർ വൃക്ക സ്വീകരിച്ച് തിയറ്ററിലേക്ക് കൊണ്ടുപോകുന്നതിെൻറ സി.സി.ടി.വി ദൃശ്യവും പരാതിക്കൊപ്പം നൽകിയിരുന്നു.
പെട്ടി തട്ടിയെടുത്തില്ല; ഏറ്റുവാങ്ങാൻ ആളില്ലായിരുന്നു- ഡ്രൈവർ
തിരുവനന്തപുരം: വൃക്ക കൊണ്ടുവന്ന പെട്ടി ഏറ്റുവാങ്ങാൻ ആശുപത്രിക്ക് മുന്നിൽ ആരുമില്ലാത്തതിനാലാണ് പെട്ടിയുമായി ഓപറേഷൻ തിയറ്ററിലേക്ക് ഓടിയതെന്ന് ആംബുലൻസ് ഡ്രൈവർ അരുൺദേവ്. ജീവന്‍റെ വില അറിയാവുന്നതുകൊണ്ടാണ് സഹായിക്കാനെത്തിയത്. അത് ഇത്തരമൊരു കുരുക്കാകുമെന്ന് പ്രതീക്ഷിച്ചില്ല. ഞായറാഴ്ച രാവിലെ നാലിനാണ് ആംബുലൻസ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയത്. രണ്ടു ഡോക്ടർമാരും ഡ്രൈവറുമാണ് സംഘത്തിലുണ്ടായിരുന്നത്. എറണാകുളത്തുനിന്ന് 11ന് തിരിക്കുമെന്നാണ് ആദ്യം പറഞ്ഞത്. ഇതനുസരിച്ച് പൊലീസിനെ അറിയിച്ച് വഴിയൊരുക്കി. ശസ്ത്രക്രിയ വൈകിയതിനാൽ 2.15നാണ് തിരിച്ചത്. വൈകീട്ട് അഞ്ചരയോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വാഹനം എത്തുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിൽ ഉണ്ടായിരുന്നതെന്നും അരുൺദേവ് പറഞ്ഞു.
പെട്ടിയുമായി ഓടുേമ്പാൾ മുന്നിൽ സുരക്ഷ ജീവനക്കാരനും പിന്നിൽ ഡോക്ടർമാരും ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.റിസപ്ഷനിൽനിന്ന് മുകളിലെത്തിയപ്പോൾ ഓപറേഷൻ തിയറ്റർ അടഞ്ഞുകിടക്കുകയായിരുന്നു. ഐ.സി.യുവിൽ അറിയിച്ചപ്പോൾ നഴ്സ് വന്ന് പെട്ടിയെടുത്ത് തിയറ്ററിന്‍റെ വശത്തുള്ള വഴിയിലൂടെ അകത്തേക്ക് കൊണ്ടുപോയി. ഇതിന് ശേഷമാണ് പുറത്തിറങ്ങിയത്. -അരുൺദേവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.