Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഡോക്​ടർ, ആ രോഗിയെ...

‘ഡോക്​ടർ, ആ രോഗിയെ മരണത്തിന്​ വിട്ടുകൊടുക്കരുത്​’

text_fields
bookmark_border
‘ഡോക്​ടർ, ആ രോഗിയെ മരണത്തിന്​ വിട്ടുകൊടുക്കരുത്​’
cancel
camera_altRepresentative Image

കോഴിക്കോട്​: ‘‘ഇന്നലെ ഞങ്ങളുടെ മുത്തച്ഛൻ ആശുപത്രി വിട്ടു. വരുമ്പോൾ കൊണ്ടുവന്ന വൈറസുകളെയൊക്കെ കളഞ്ഞ് വൃത്ത ിയാക്കി, വൈറസില്ലാത്ത ശരീരവുമായി’’. കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രി എങ്ങനെയാണ്​ കോവിഡ്​ ചികിത്സക്ക ായി ഒരുങ്ങിയതെന്നും ഇവിടെ ചികിത്സക്കെത്തിയ ആളെ ജീവനക്കാർ എങ്ങനെയാണ്​ പരിചരിച്ചതെന്നും പങ്കുവെക്കുകയാണ്​ ഡേ ാ. വി.കെ. ഷമീർ. ഫേസ്​ബുക്കിലിട്ട ഡോക്​ടറുടെ കുറിപ്പ്​​ നിമിഷങ്ങൾക്കുള്ളില്ലാണ്​ ​ൈവറലായത്​. ആത്മാർത്ഥതയും ആത ്മസമർപ്പണവും കൊണ്ട് പരിമിതികളെ മറികടന്ന ഇവർക്ക്​ അഭിനന്ദനങ്ങൾ ചൊരിയുകയാണ്​ മലയാളികൾ.

ഫേസ്​ബുക്ക്​ പോ സ്​റ്റി​​​െൻറ പൂർണരൂപം:

"ദാറ്റ് പേഷ്യൻ്റ് ഷുഡ് നോട്ട് ഡൈ ഡോക്ടർ....."

ഡോക്ടർ ജീവിതം തുടങ്ങിയ ശേഷം ഇങ്ങനെ ഒര ു നിർദ്ദേശം ലഭിക്കുന്നത് ആദ്യമായാണ്. തങ്ങളുടെ ബന്ധുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നൊക്കെ കരഞ്ഞു അപേക്ഷി ക്കുന്നവരുണ്ട്. പക്ഷേ ഇതൊരു ഓർഡറായിരുന്നു. ജില്ലാ മജിസ്ട്രേട്ട് കൂടിയായ കളക്ടറുടെ ഓർഡർ.

ചൈനയിൽ നിന്ന് ആദ്യ രോഗികൾ കേരളത്തിൽ എത്തിയപ്പോൾ പടി പടിയായി തുടങ്ങിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ കോവിഡ് ചകിത്സാ നടപടികൾ കുറ്റ മറ്റ ഐസൊലേഷൻ സംവിധാനങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. എന്നാൽ ആ പാത അത്ര എളുപ്പമായിരുന്നില്ല.

മെഡിസിൻ എച്. ഒ.ഡിയുടെ മുറിയിൽ വരാനിരിക്കുന്ന പ്രതിസന്ധികളെ നേരിടാനുള്ള മീറ്റിംഗായിരുന്നു തുടക്കം. ഇൻഫെക്ഷ്യസ് ഡിസീസസ് മേ ധാവി ഷീലാ മാഡം നോഡൽ ഓഫിസർ ആകണമെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. മെഡിസിൻ ഡിപ്പാർട്ട ്മ​​െൻറിലെ ഒരു അസിസ്റ്റൻറ് പ്രൊഫസർ ത​​​െൻറ മുഴുവൻ സമയ സഹായിയായി വേണമെന്നത് മാഡത്തി​​​െൻറ ഉപാധികളിൽ ഒന്നായിര ുന്നു. മാഡം മുന്നോട്ട് വെച്ച മൂന്നു പേരുകളിൽ നറുക്കു വീണത് ശ്രീജിത്തിന്. ഷീലാ മാഡം - ശ്രീജിത് കോംബിനേഷനേക്കാൾ ന ല്ലൊരു ടീം കോഴിക്കോട് മെഡിക്കൽ കോളേജ് കോവിഡ് ചികിത്സക്ക് തറക്കല്ലിടാൻ ലഭിക്കില്ലായിരുന്നു. അന്ന് കോവിഡ് കൊറോണയായിരുന്നു, ഊർജ്ജസ്വലരായ സീനിയർ റെസിഡൻറ്മാരെ ഉൾപ്പെടുത്തി അവർ ഉണ്ടാക്കിയ ടീമിനെ കോർ ടീം കൊറോണ എന്നു വിളിച്ചു.

പക്ഷേ ഒത്തിരി കുടുംബ പ്രശ്നങ്ങൾ ഒന്നിച്ചു വന്നപ്പോൾ ഷീലാമാഡത്തിന് ശാരീരിക അകലം പാലിക്കേണ്ടി വന്നു. ഉത്തരവാദിത്തങ്ങൾ ശ്രീജിത്ത് ഒരു പരാതിയുമില്ലാതെ ഏറ്റെടുത്തു. കോർ ടീം ദിവസവും മീറ്റിംഗ് കൂടി. ഓരോ ദിവസത്തേയും പുരോഗതികൾ വിലയിരുത്തി. ഭാവി പ്ലാനുകൾ തയ്യാറാക്കി. താൻ വരക്കുന്ന ഓരോ ചിത്രങ്ങൾക്കും കൊടുക്കുന്ന അതേ പൂർണ്ണത ശ്രീജിത് ത​​​െൻറ കോവിഡ് ചികിത്സാ പദ്ധതികൾക്കും നൽകി.

തരിശുഭൂമിയിൽ കൃഷി ഇറക്കുന്ന ഒരു കർഷക​​​െൻറ ആർജവമായിരുന്നു പിന്നെ. പരിമിതമായ വിഭവശേഷിയിൽ നിന്ന് പൊന്ന് വിളയിപ്പിക്കുന്ന കർഷകൻ. എണ്ണിയെടുത്ത പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, ഹാൻഡ്​ സാനിറ്റൈസറുകൾ ആവശ്യമുള്ളവർക്ക് എത്തിച്ചും അനാവശ്യമുള്ളേടത്ത് ഒഴിവാക്കിയും നഴ്സുമാരേയും റെസിഡൻറ് ഡോക്ടർമാരേയും സ്വയം അണുബാധയേൽക്കുന്നതിൽ നിന്ന് തടയാൻ ആയിരുന്നു ഊന്നൽ. അതോടൊപ്പം തന്നെ രോഗികൾക്ക്, ആശുപത്രി അണുബാധയുടെ ഉറവിടമാകാതിരിക്കാനും. ഓരോ പി.പി.ഇ കിറ്റ് കൊടുക്കുമ്പോഴും ത​​​െൻറ ഡയറിയിൽ എണ്ണത്തിൽ ഒന്ന് മൈനസ് ചെയ്തും അതേ എണ്ണം വൈകുന്നേരം ഗ്രാഫ് രൂപത്തിൽ സ്റ്റാഫിനും അധികൃതർക്കും ഒരേ പോലെ അയച്ചുകൊടുത്തും കണക്കുകൾ എല്ലാവരേയും ഒരേ പോലെ ബോധവാൻമാരാക്കി.

ഇതേ കാര്യത്തിനായി രോഗീപരിശോധന, ഭക്ഷണം കൊടുക്കൽ, ക്ലീനിംഗ്... എല്ലാത്തിലും നഴ്സുമാരോട് ചേർന്ന് ഒരു കോഴിക്കോട് മോഡലിന് രൂപം കൊടുത്തു. ഒരാഴ്ചകൊണ്ട് സാധാ പേ വാർഡ് മുറികൾ ഐഡിയൽ ഐസൊലേഷൻ മുറികളായി മാറിക്കഴിഞ്ഞിരുന്നു. രോഗികളുടെ എണ്ണവും മാറിമാറി വരുന്ന ഗൈഡ് ലൈനുകളും സ്റ്റാഫുകളുടെ വിവിധ ആവശ്യങ്ങളും മുകളിലേക്ക് കൈമാറേണ്ട വിശദാംശങ്ങളും എല്ലാം കൂടി ആയപ്പോൾ ഒരു വ്യക്തിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു, ജോലിഭാരം. ഒറ്റക്ക് വണ്ടി വലിക്കുന്ന കാളയുടെ ഇടത്തും വലത്തുമായി അക്വിലും ഞാനും ജോലിയിൽ സഹായിച്ചു.

അക്വിൽ നിലവിലുള്ള ഐസൊലേഷൻ വാർഡിലേക്ക് ശ്രദ്ധിച്ചപ്പോൾ എനിക്ക് ബാക്കി വാർഡുകൾ ഐസൊലേഷനാക്കാനും പുതിയ ഐസിയുകൾ ഉണ്ടാക്കാനുമായിരുന്നു ചുമതല. അങ്ങനെ നേതൃത്വം മൂന്നുപേരുടെ തുല്യ ഉത്തരവാദിത്തമായി. മൂന്ന് നോഡൽ ഓഫിസർമാരായി. ഒരാൾക്ക് വിശ്രമം അനുവദിച്ചു തുടങ്ങി. ബാക്കി രണ്ടു പേരിൽ ഒരാൾ ഐസൊലേഷനുള്ളിലും ഒരാൾ പുറത്തുമായി പ്രവർത്തിച്ചു.

നല്ല കുറേ നാളുകൾ. ജൂനിയർ റെസിഡൻറ്​ ഡോക്ടർമാരോടും നഴ്സുമാരോടും ചേർന്ന് പ്രശ്ന പരിഹാരങ്ങളിൽ മുഴുകി. 24 മണിക്കൂറും നിലക്കാത്ത ഫോൺ കാളുകൾ. ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നും സംശയങ്ങൾ, DSO യുടെയും DPM ​​​െൻറയും നിർദ്ദേശങ്ങൾ. ജില്ലാ കലക്ടറുടെ ശാസനകൾ. നിൽക്കുന്നത് മെഡിക്കൽ കോളേജിലാണെങ്കിലും ജില്ല മുഴുവൻ ഓടി നടക്കുന്ന ഫീൽ. കോവിഡിനോടുള്ള ഭയവും കോവിഡ് കൊന്നൊടുക്കിയ ഡോക്ടർമാരുടെ എണ്ണവുമൊക്കെ എന്നോ മറന്നു. N95 മാസ്കും മൂക്കി​​​െൻറ പാലവും തമ്മിൽ താദാത്മ്യത്തിൽ എത്തിയ പോലെ കോവിഡും ഞങ്ങളും തമ്മിൽ ഒരു ധാരണയിലെത്തിയ പോലെ.
രോഗികൾക്കും നഴ്സിനും റെസിഡൻറ് ഡോക്ടർക്കും നോഡൽ ഓഫിസർക്കും എല്ലാം ഒരേ പൊതിച്ചോറു കൊടുക്കുന്ന പെർഫക്ട് സോഷ്യലിസം.

സമ്മർദ്ദം വല്ലാതെ കൂടി മനസ്സു തളരുന്നതായി തോന്നുമ്പോൾ കുറച്ച് കോഴിക്കോട്ടുകാർ ഒരു ഓട്ടോയിൽ ഇളനീരുമായി വരും, ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്നവർക്ക് ! ആരു തന്നു ആരു കൊടുത്തുവിട്ടു എന്നൊന്നുമില്ല, വെറുതേ കുറച്ച് ഇളനീർ, മനസ്സും ശരീരവും കുളിർപ്പിക്കാൻ. അല്ലെങ്കിൽ "താങ്ക് യൂ ഫോർ സേവിംഗ് ലൈഫ്" എന്നെഴുതിയ പാക്കറ്റിലാക്കിയ കശുവണ്ടിയും ഉണക്കമുന്തിരിയും. അല്ലെങ്കിൽ ഐസൊലേഷനിൽ നേരത്തേ കിടന്നു പോയ ഫൈസൽ ഒരു കവിത അയക്കും, റഷീദ് വിളിച്ച് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിക്കും. സഞ്ചുളി​​​െൻറ നന്ദി കലർന്ന മെസേജ് ഷീനാ സിസ്റ്റർ ഫോർവേർഡ് ചെയ്യും. വീണ്ടും റീചാർജ് ആയി ഡ്യൂട്ടിയിലേക്ക്.

ഏതാണ്ട് രാത്രി പതിനൊന്ന് മണിക്കാണ് കോഴിക്കോട്ടെ മിംമ്സ് ആശുപത്രിയിലെ ഒരു രോഗിക്ക് അവിടെ ചെയ്ത കോവിഡ് ടെസ്റ്റ് പോസിറ്റീവാണെന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റണോ എന്ന ചർച്ചയും തുടങ്ങുന്നത്. കോവിഡ് ഹോസ്പിറ്റൽ ഇവിടെയായതുകൊണ്ട് തിയറി പ്രകാരം മാറ്റേണ്ടതാണ്. രാത്രി പതിനൊന്നരക്ക് മാറ്റാൻ പോവുകയാണെന്ന് സന്ദേശം കിട്ടി.

മിംസിലെ നോഡൽ ഓഫിസറുമായി സംസാരിച്ചു. അവർ ആംബുലൻസ് തയാറാക്കി കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞു. ഇവിടെ എല്ലാ സന്നാഹങ്ങളുമൊരുങ്ങി. 84 വയസ്സുണ്ട്. വീണ് തുടയെല്ലൊടിഞ്ഞ് ഒരാഴ്ച മുൻപ് ശസ്ത്രക്രിയ നടത്തിയതാണ്. നേരത്തേ സ്ട്രോക്കും ഉണ്ടായിട്ടുണ്ട്. കാര്യങ്ങൾ എളുപ്പമാവില്ല. ഐസൊലേഷൻ lCU തന്നെ വേണം. വ​​െൻറിലേറ്റർ വേണ്ടി വരും. എല്ലാം ഷബീർ ബ്രദർ ഏറ്റെടുത്തു. ആറു മണിക്കൂർ ഇടവിട്ട് ഡ്യൂട്ടി എടുക്കാൻ ഡോക്ടർമാരും നഴ്സുമാരും സജ്ജം. ഞങ്ങൾ ആംബുലൻസും കാത്ത് ഐസൊലേഷൻ വാർഡി​​​െൻറ പുറത്ത് കാത്തുനിൽപ്പാണ്. നിന്ന് കാൽ വേദനിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും മരത്തിന് കീഴെ ഇരിപ്പായി. ഫോൺ ബെല്ലടിക്കുന്നു, അറ്റത്ത് ജില്ലാ കലക്ടർ. ബഹുമാനം കൊണ്ട് നിലത്തു നിന്ന് ചാടി എണീറ്റു.

" ഡോക്ടർ, ഈ സമയത്ത് രോഗിയെ അങ്ങോട്ട് മാറ്റുന്നത് സേഫ് ആണോ?"

അല്ലെന്ന് പറഞ്ഞാൽ എനിക്ക് ഇവിടെ രോഗിയെ സ്വീകരിക്കാൻ മടിയായിട്ടാണെന്ന് തെറ്റിദ്ധരിക്കുമോ. എന്തായാലും ഇവിടെ ശാസ്ത്രീയമായി ചിന്തിച്ചേ പറ്റൂ.

"സർ, ഇത്രയും പ്രായമുള്ള ഒരു രോഗിയെ ഇത്രയും പ്രശ്നങ്ങളും വെച്ച് ഷിഫ്റ്റ് ചെയ്യുന്നതിൽ റിസ്ക് ഉണ്ട്"

"എന്നാൽ ഉടൻ മിംസിൽ വിളിച്ച് ഡിസ്ചാർജ് കാൻസൽ ചെയ്യാൻ പറയൂ "

മിംസിൽ വിളിച്ചപ്പോൾ അവിടെ ഡിസ്ചാർജി​​​െൻറ എല്ലാ ചടങ്ങുകളും കഴിഞ്ഞിരിക്കുന്നു.
കളക്‌ടറെ തിരിച്ചുവിളിച്ചു, ഈ കാര്യം അറിയിച്ചു.

"ഡിസ്ചാർജ് കാൻസൽ ചെയ്യാൻ പറയൂ, ഡിസ്ട്രിക്റ്റ് കളക്ടറുടെ ഓർഡർ ആണെന്ന് പറയൂ "

രോഗി അവിടെ തന്നെ തുടർന്നു.
സമയം ഏതാണ്ട് രാത്രി 12.30. കളക്ടറുടെ കോൺഫറൻസ് കാൾ. പ്രിൻസിപ്പൽ, സൂപ്രണ്ട്, DMO, DSO, നോഡൽ ഓഫിസർ. അര മണിക്കൂർ ചർച്ച. വിഷയം - രോഗിക്ക് ഏതാണ് നല്ലത്.
ഒടുക്കം രാവിലെ മെഡിക്കൽ ബോർഡ് കൂടി. രോഗിയെ മെഡിക്കൽ കോളേജിലെത്തിച്ചു.

വീണ്ടും കലക്ടറുടെ വിളി

"That patient should not die, doctor"

എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു. ഇതും ഒരു ജില്ല കളക്ടറുടെ ഓർഡറാണോ, അതോ തീരുമാനം ഒരാളുടെ ജീവൻ അപകടത്തിലാക്കുമോ എന്ന ചിന്ത ഉറക്കം കെടുത്തുന്ന ഒരു സാധാരണ മനുഷ്യൻ്റെ ആശങ്കയയോ?

"നോക്കാം സർ, കഴിവിൻ്റെ പരമാവധി നോക്കാം സർ''

നോക്കി. കഴിവി​​​െൻറ പരമാവധിയല്ല, അതിനേക്കാൾ കൂടുതൽ. ഞാനല്ല. അവിടെ ജോലിയിലുണ്ടായിരുന്ന നഴ്സുമാർ. അബോധാവസ്ഥയിലുള്ള, കാലിൽ ശസ്ത്രക്രിയ കഴിഞ്ഞ, ശ്വാസം മുട്ടുള്ള, ഓക്സിജ​​​െൻറ അളവ് കുറവുള്ള ഒരാളെ ശുശ്രൂഷിക്കുന്നതിനേക്കാൾ ശ്രമകരമായി ഒരു നഴ്സി​​​െൻറ ജോലിയിൽ ഒന്നും ഉണ്ടാവില്ല. ട്യൂബിലൂടെ കഞ്ഞി കൊടുത്തും, പൊസിഷൻ മാറ്റിയും, മൂത്രത്തി​​​െൻറ അളവു നോക്കിയും അവർ പരിചരിച്ചു. ആ ശരീരത്തിൽ ഒളിപ്പിച്ചു വെച്ച വൈറസി​​​െൻറ സാന്നിദ്ധ്യം അവർ മറന്നു. രോഗി ഒരു മുത്തച്ഛനായി, അവർ അയാളുടെ പേരക്കുട്ടികളും. 24 മണിക്കൂറും അവരുടെ കൂടെ നിലകൊണ്ട ജൂനിയർ റെസിഡൻറ്​ ഡോകടർമാർ എല്ലാ നിർദ്ദേശങ്ങളും പിന്തുണയും നൽകി.

ഇന്നലെ ഞങ്ങളുടെ മുത്തച്ഛൻ ആശുപത്രി വിട്ടു. വരുമ്പോൾ കൊണ്ടുവന്ന വൈറസുകളെയൊക്കെ കളഞ്ഞ് വൃത്തിയാക്കി, വൈറസില്ലാത്ത ശരീരവുമായി.

ഞങ്ങൾ മൂന്നു പേരും നോഡൽ ഓഫീസർ പോസ്റ്റിൽ നിന്ന് പടിയിറങ്ങിയിട്ട് മൂന്നുനാൾ പിന്നിട്ടു. മുകളിൽ നിന്നുള്ള ആജ്ഞകളും താഴെ നിന്നുള്ള അപേക്ഷകളും ഒരേ പോലെ ചെവികൊള്ളാനും നിറവേറ്റാനും കഴിവി​​​െൻറ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിൽ ബാക്കിയുള്ള ഒരേയൊരു "ഓർഡർ'' ആയിരുന്നു - "He should not die"
വിട പറയും മുമ്പ് ആ ഓർഡറും ഞങ്ങൾ അനുസരിക്കുന്നു, അഭിമാനത്തോടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode medical college
News Summary - That patient should not die, doctor
Next Story