ജീവനുവേണ്ടി മെഡിക്കൽ ബോർഡ് യോഗം കാത്ത് രോഗികൾ
text_fieldsകോഴിക്കോട്: രോഗികൾക്ക് ബന്ധുക്കളുടേതല്ലാതെ അവയവം സ്വീകരിച്ച് മാറ്റിവെക്കാൻ അംഗീകാരം നൽകേണ്ട കമ്മിറ്റിയുടെ യോഗം നടക്കാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. വൃക്കരോഗികളും കരൾരോഗികളുമാണ് മരണം മുന്നിൽകണ്ട് ജീവിക്കുന്നത്. ബന്ധുക്കളുടെ അവയവം സ്വീകരിക്കാൻ മെഡിക്കൽ ബോർഡിെൻറ അനുമതി ആവശ്യമില്ല.
എന്നാൽ, ബന്ധുക്കളല്ലാത്തവരിൽനിന്ന് സ്വീകരിക്കണമെങ്കിൽ അനുമതി വേണം. അവയവ കച്ചവടം നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് ഇൗ സംവിധാനം. ഹെൽത്ത് സെക്രട്ടറി, ജില്ല പൊലീസ് സൂപ്രണ്ട്, മെഡിക്കൽ കോളജ് സൂപ്രണ്ട്, ഫോറൻസിക് സർജൻ തുടങ്ങിയവർ ചേർന്നതാണ് മെഡിക്കൽ ബോർഡ്. ബന്ധുക്കളുടേതല്ലാത്ത അവയവ മാറ്റം ഏറ്റവും കൂടുതൽ നടക്കുന്ന എറണാകുളത്ത് നാല് ആശുപത്രികൾക്കാണ് അനുമതിയുള്ളത്. കളമശ്ശേരി മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡാണ് ഈ ആശുപത്രികൾക്കെല്ലാം അനുമതി നൽകേണ്ടത്.
മാർച്ചിലാണ് അവസാനമായി കമ്മിറ്റി ചേർന്നത്. കോവിഡ്മൂലമാണ് യോഗം അനന്തമായി നീട്ടുന്നത്. തൃശൂരും തിരുവനന്തപുരത്തും ബന്ധുക്കളല്ലാത്തവരുടെ അവയവം സ്വീകരിച്ച് ശസ്ത്രക്രിയക്ക് അനുമതിയുണ്ടെങ്കിലും അപൂർവം രോഗികളേ എത്താറുള്ളൂ. എറണാകുളത്ത് സംസ്ഥാനത്തിന് പുറത്തുനിന്നുപോലും രോഗികൾ വരുന്നുണ്ട്.
ഡയാലിസിസ്പോലും ബുദ്ധിമുട്ടായ, ആരോഗ്യസ്ഥിതി മോശമായ രോഗികളുടെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവെക്കൽ എത്രയും പെട്ടെന്ന് ചെയ്യണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. നിലവിൽ പത്തോളം വൃക്കരോഗികളാണ് ബന്ധുക്കളുടേതല്ലാത്ത അവയവം സ്വീകരിക്കാൻ അനുമതി കാത്തുകഴിയുന്നത്.
ഇതിലും ഗുരുതരമാണ് കരൾ മാറ്റിവെക്കേണ്ട രോഗികളുടെ അവസ്ഥ. വൈകിയാൽ ജീവൻ നഷ്ടമാകാൻ സാധ്യതയുള്ള രോഗികളാണിവർ. ഇവരുടെ ജീവനും മെഡിക്കൽ ബോർഡിെൻറ തീരുമാനം കാത്തുകഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.