പട്ടയമിഷൻ: നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെ യോഗം ചേരുമെന്ന് കെ. രാജൻ
text_fieldsതിരുവനന്തപുരം : പട്ടയമിഷൻ പൂർത്തീകരിക്കുന്നതിന് നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെ യോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ. സംസ്ഥാനത്ത് രേഖകളില്ലാതെ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്കും അർഹരായ ഭൂരഹിതർക്കും ഭൂമി നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എ മാരുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി എന്ന പേരിൽ രൂപീകരിക്കപ്പെടുന്ന സമിതികളുടെ യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.
വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികളിൽ നിന്നും, വില്ലേജ് തല ജനകീയ സമിതികളിൽ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ അസംബ്ലികൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്. ഓരോ പട്ടയ അസംബ്ലിയുടെയും ചുമതക്കാരായി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടത്തിയിട്ടുണ്ട്. പട്ടയസഭകളിൽ പരിഹരിക്കാനാവുന്ന പട്ടയ വിഷയങ്ങൾ പരിഹരിച്ച് ഭൂ പതിവ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും.
പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ നിലവിലുള്ള പട്ടയം ഡാഷ്ബോർഡിൽ ഉൾപ്പെടുത്തും. ഇത്തരം വിഷയങ്ങൾ കലക്ടർ അധ്യക്ഷനായ ജില്ലാ ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കിൽ സംസ്ഥാനതല സമിതിയുടെ പരിഗണനക്ക് അയക്കും. ഏതെങ്കിലും നിയമ പ്രശ്നങ്ങളോ ചട്ടങ്ങളിലെ നിബന്ധനകൾ മൂലമോ തീരുമാനം എടുക്കാൻ കഴിയാത്ത വിഷയങ്ങൾ സർക്കാരിന്റെ പരിഗണനക്ക് അയക്കണം. ആവശ്യമെങ്കിൽ സർക്കാരിന്റെ പ്രത്യേക അധികാരം വിനിയോഗിച്ച് പട്ടയം നൽകും.
ആഗസ്റ്റ് 20-നു മുമ്പ് സംസ്ഥാനത്തെ മുഴുവൻ പട്ടയ അസംബ്ലികളും യോഗം ചേരും. സംസ്ഥാനത്ത് നിരവധിയായ കോളനികളിൽ പട്ടയമില്ലാത്ത കുടുംബങ്ങളെ ഇതിനകം തന്നെ പട്ടയ മിഷന്റെ ഭാഗമായി കണ്ടെത്തി പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി. ഭൂപതിവ് ഉത്തരവ് ലഭിച്ച ശേഷം അറിവില്ലായ്മ കാരണം ഭൂമി വില അടക്കാത്ത കൈവശക്കാർക്ക് ഭൂമി വില അടക്കാനുള്ള ഉത്തരവ് നൽകി പട്ടയം നൽകും.
ഫ്ലാറ്റ് പോലെയുള്ള സംവിധാനങ്ങളിൽ വീടുകൾ നൽകിയിട്ടുള്ള കുടുംബങ്ങൾക്ക് ഭൂമിയിലുള്ള കൂട്ടവകാശ രേഖപ്പെടുത്തുന്ന നിലയിൽ പട്ടയം നൽകും. പട്ടയ ഭൂമി വ്യവസ്ഥകൾക്ക് വിരുദ്ധമായി അകാല കൈമാറ്റം നടത്തിയിട്ടുള്ള കേസുകളിൽ നിലവിലുള്ള കൈവശക്കാർ അർഹരാണെങ്കിൽ അവർക്ക് പട്ടയം നൽകാനുളള നടപടി സ്വീകരിക്കും. വാർഡ് മെമ്പർമാർ മുതൽ നിയമസഭ സമാജികൾ വരെയുളള ജന പ്രതിനിധികളുടെ സഹകരണത്തോടെ അർഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷൻ എന്ന ദൗത്യം വിജയിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.