ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനത്തിന് പ്രൗഢ സമാപ്തി
text_fieldsപട്ടിക്കാട് : വൈജ്ഞാനിക പ്രബോധന മേഖലയിൽ കർമോത്സുകരായ പ്രതിഭകളെ സമർപ്പിച്ച് ജാമിഅ നൂരിയ്യ 62ാം വാർഷികത്തിന് സനദ്‌ദാന സമ്മേളനത്തോടെ പരിസമാപ്തി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകൾ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകൾ നടത്താൻ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി 522 യുവ പണ്ഡിതർ ഞായറാഴ്ച ഫൈസി ബിരുദം ഏറ്റുവാങ്ങി. ഇതോടെ 60 ബാച്ചുകളിലായി ജാമിഅ ലോകത്തിന് സമർപ്പിച്ച ഫൈസിമാരുടെ എണ്ണം 9341 ആയി.
ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വിപ്ലവത്തിന്റെ നേർസാക്ഷികളാകാൻ ആയിരങ്ങളാണ് ഞായറാഴ്ച ഫൈസാബാദ് പി.എം.എസ്.എ. പൂക്കോയ തങ്ങൾ നഗരിയിലെത്തിയത്. വൈകീട്ട് 4.30ന് സനദ് സ്വീകരിക്കുന്ന യുവപണ്ഡിതർക്കുള്ള സ്ഥാനവസ്ത്ര വിതരണം നടന്നു. സമാപന സമ്മേളനം ഫലസ്തീൻ നയതന്ത്ര പ്രതിനിധി ഡോ. അബ്ദുറസാഖ് അബൂ ജസർ ഉദ്‌ഘാടനം ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
ഉസ്മാൻ ബിൻ അഹ്മദ് അൽ അമൂദി (ജിദ്ദ) മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ്‌ദാന പ്രഭാഷണം നടത്തി. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രാർഥന നിർവഹിച്ചു. അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാർ, എം.ടി. അബ്ദുല്ല മുസ്‌ലിയാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.