പാറ്റൂർ ആക്രമണം: ഓംപ്രകാശ് അടക്കം നാലുപേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ്
text_fieldsതിരുവനന്തപുരം: പാറ്റൂരിൽ കൺട്രക്ഷൻ ഉടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് അടക്കം നാലുപേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓംപ്രകാശിന് പുറമെ ഇയാളുടെ കൂട്ടാളികളായ വിവേക്, ശരത് കുമാർ, എസ്. അബിൻ ഷാ എന്നിവരാണ് പട്ടികയിലുള്ളത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ഫോട്ടോയടക്കം വിവരം കൈമാറിയിട്ടുണ്ട്. കേസിൽ ഇതുവരെ ഒമ്പത് പ്രതികളാണ് അറസ്റ്റിലായത്.
ജനുവരി ഒമ്പതിന് പുലര്‍ച്ചയാണ് പാറ്റൂരിന് സമീപം കണ്സ്ട്രക്ഷന് കമ്പനിയുടമയായ നിഥിനെയും സുഹൃത്തുക്കളായ ആദിത്യ, ജഗതി സ്വദേശി പ്രവീൺ, പൂജപ്പുര സ്വദേശി ടിന്‍റു ശേഖർ എന്നിവരെ ഓം പ്രകാശിന്റെ നേതൃത്വത്തിൽ 13 അംഗ സംഘം കാർ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മേട്ടുക്കട സ്വദേശികളും സഹോദരങ്ങളുമായ ആസിഫ്, ആരിഫ് എന്നിവരുമായി നിഥിനുണ്ടായ സാമ്പത്തിക തർക്കങ്ങളാണ് അക്രമത്തിന് കാരണം. ഇതിനെതുടർന്ന് ജനുവരി എട്ടിന് രാത്രി നിഥിന്‍റെ നേതൃത്വത്തിലുള്ള സംഘം ആസിഫിന്‍റെയും ആരിഫിന്‍റെയും വീടുകയറി ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് പുലർച്ച ഓംപ്രകാശിന്‍റെ നേതൃത്വത്തിൽ നടന്ന കൊലപാതക ശ്രമം.
പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഓംപ്രകാശ് അടക്കമുള്ളവർ കേരളം വിട്ടിരുന്നു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജനുവരി 21ന് ആരിഫും ആസിഫും അടക്കം കേസിലെ ആദ്യത്തെ നാലുപ്രതികളും വഞ്ചിയൂർ കോടതിയിൽ കീഴടങ്ങി. തൊട്ടുപിന്നാലെ മറ്റ് അഞ്ചുപേരെയും പിടികൂടി. എന്നിട്ടും കൃത്യത്തിന് പിന്നിലെ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന ഓംപ്രകാശും മറ്റ് മൂന്നുപേരും കീഴടങ്ങാൻ കൂട്ടാക്കിയില്ല.
ഇവർക്കായി ബംഗളൂരുവിലും മുംബൈയിലും തമിഴ്നാട്ടിലും പൊലീസ് തിരച്ചിൽ ശക്തമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിരുന്നു. ഓംപ്രകാശും കൂട്ടാളികളും ഒളിച്ചുകളി തുടരുന്നതിനിടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.