പാറ്റൂർ കേസിൽ ജേക്കബ് തോമസിനെതിരെ ഹൈകോടതി
text_fieldsകൊച്ചി: പാറ്റൂര്‍ ഭൂമി േകസുമായി ബന്ധപ്പെട്ട കോടതി നിർദേശം പാലിക്കാത്ത മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ നടപടിയിൽ ഹൈകോടതിക്ക് അതൃപ്തി. കേസുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ തേടിയ വിശദീകരണം നൽകാനോ ഇക്കാര്യം ചർച്ച ചെയ്യാൻ സർക്കാർ അഭിഭാഷകനുമായി ബന്ധപ്പെടാനോ കൂട്ടാക്കാത്ത പശ്ചാത്തലത്തിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
തിരുവനന്തപുരത്ത് പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ ബില്‍ഡര്‍ക്ക് 12.75 സെൻറ് ഭൂമി ലഭ്യമാക്കിയെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസിലെ ആരോപണം. തനിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭരത്ഭൂഷൺ നൽകിയ ഹരജിയാണ് കോടതി പരിഗണനയിലുള്ളത്.
ആരോപണ വിധേയമായ ഭൂമിയുടെ സെറ്റില്‍മെൻറ് രജിസ്റ്ററിെൻറ ആധികാരികതയില്‍ സംശയമുള്ളതായി ജേക്കബ് തോമസ് ലോകായുക്തക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു മൊത്തമായോ ചില ഭാഗങ്ങളിലോ മാറ്റി എഴുതിയതാണെന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ജേക്കബ് തോമസ് നേരിട്ട് ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഡിസംബർ 18ന് കോടതിയിൽ ഹാജരായ ജേക്കബ് തോമസിന് രേഖകൾ പരിശോധിക്കാൻ സമയം നൽകി. പിന്നീട് സെറ്റില്‍മെൻറ് രജിസ്റ്ററില്‍ കുഴപ്പമില്ലെന്നും ചില അനക്‌സറുകളിലാണ് പ്രശ്‌നമെന്നും ജേക്കബ് തോമസ് കോടതിയെ അറിയിച്ചു.
ലഭ്യമായ എല്ലാ രേഖയും പരിശോധിച്ചാണ് ലോകായുക്തക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്നും അറിയിച്ചു. ലോകായുക്തക്ക് നല്‍കിയ റിപ്പോർട്ടില്‍ തെറ്റുകളുണ്ടെങ്കില്‍ സമ്മതിക്കണമെന്നും അല്ലെങ്കില്‍ വസ്തുതാപരമായി കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ജേക്കബ് തോമസ് ഗവ. പ്ലീഡറുമായി ബന്ധപ്പെട്ട് മറ്റൊരു വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചു.
ചൊവ്വാഴ്ച കേസ് പരിഗണിക്കവേ വിശദീകരണം കോടതിക്ക് ലഭിച്ചിരുന്നില്ല. ഗവ. പ്ലീഡറെ േഫാണിൽ വിളിച്ചോ അല്ലാതെയോ ചർച്ച ചെയ്തിട്ടില്ലെന്നു കൂടി ബോധ്യമായതോടെയാണ് കോടതി രേഖാമൂലം അതൃപ്തി അറിയിച്ചത്. വാദം പൂർത്തിയായെങ്കിലും സംഭവങ്ങളുമായി ബന്ധപ്പെട്ട ക്രമപ്പട്ടിക ഹാജരാക്കാൻ സർക്കാറിനോട് നിർദേശിച്ച കോടതി കേസ് ജനുവരി 19ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.