രാഷ്ട്രപതിയാകാനില്ലെന്ന് പവാർ; മമതയുടെ വാഗ്ദാനം നിരസിച്ചു
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നറിയിച്ച് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പവാർ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി പവാർ മത്സരിക്കണമെന്ന് മമത ആഭ്യർഥിച്ചിരുന്നു. എന്നാൽ, വാഗ്ദാനം നിരസിച്ച പവാർ താൻ സജീവ രാഷ്ട്രീയത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
നേരത്തെ മഹാരാഷ്ട്രയിലെ എൻ.സി.പിയുടെ സഖ്യകക്ഷികളായ കോൺഗ്രസും ശിവസേനയും പവാറിനെ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ വ്യാഴാഴ്ച പവാറിന്‍റെ മുംബൈയിലെ വസതിയിലെത്തി സോണിയ ഗാന്ധിയുടെ ആവശ്യം നേരിട്ടറിയിച്ചിരുന്നു. എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ, ശിവസേന തലവൻ ഉദ്ദവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും ആവശ്യം പവാറിനെ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും കഴിഞ്ഞയാഴ്ച ടി.എം.സി അധ്യക്ഷ മമത ബാനർജി കത്തയച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെയുള്ള പാർട്ടികളോട് യോഗത്തിൽ പങ്കെടുക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.