സൗജന്യ ഭക്ഷ്യ, ഓണക്കിറ്റ്: രണ്ടുമാസത്തിനകം കമീഷൻ നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യ, ഓണക്കിറ്റുകൾ വിതരണം ചെയ്തയിനത്തിൽ റേഷൻ കടയുടമകൾക്ക് കുടിശ്ശികയുള്ള കമീഷൻ തുക രണ്ടുമാസത്തിനകം കൈമാറണമെന്ന് ഹൈകോടതി.
സുപ്രീംകോടതി ഉത്തരവ് വന്നിട്ടുപോലും കമീഷൻ നൽകുന്നില്ലെന്നാരോപിച്ച് ഒരുകൂട്ടം റേഷൻ കടയുടമകൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സൗജന്യ കിറ്റൊന്നിന് ഏഴുരൂപയും ഓണക്കിറ്റ് അഞ്ചുരൂപയും 2020 സെപ്റ്റംബർ മുതൽ 11 മാസത്തെ കമീഷനാണ് വ്യാപാരികൾക്ക് നൽകേണ്ടത്.
കമീഷൻ കുടിശ്ശിക നൽകാത്തതിനെതിരെ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിൽ തുകയനുവദിക്കാൻ ഹൈകോടതി സിംഗിൾബെഞ്ചും ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടിരുന്നു.
തുടർന്ന് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ജൂലൈ 14ന് സുപ്രീംകോടതി അപ്പീൽ തള്ളി. എന്നാൽ, ഹരജി നൽകിയവർക്ക് മാത്രമാണ് സർക്കാർ കമീഷൻ നൽകിയത്. കേസിന് പോകാതിരുന്ന ശേഷിക്കുന്ന വ്യാപാരികൾ കമീഷൻ ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും സർക്കാർ തുക അനുവദിക്കാൻ തയാറായില്ല. തുടർന്ന് അവരും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പതിനായിരത്തിലധികം വ്യാപാരികൾക്കാണ് കമീഷൻ നൽകാനുള്ളതെന്ന് ഹരജിക്കാർക്കുവേണ്ടി അഡ്വ. ജാജു ബാബു ചൂണ്ടിക്കാട്ടി. 2020 ഏപ്രിൽ ആറിനാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.