വട്ടിപ്പലിശ മുതൽ ഓൺലൈൻ തട്ടിപ്പുവരെ; കുരുക്കായി പണമിടപാട്
text_fieldsകൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുമ്പോൾ വട്ടിപ്പലിശ മുതൽ ഓൺലൈൻ തട്ടിപ്പ് വരെയുള്ള കുരുക്കിൽപ്പെട്ട് മലയാളികൾ.
ഇതര സംസ്ഥാന രജിസ്ട്രേഷനുള്ളതും അല്ലാത്തതുമായ സ്ഥാപനങ്ങൾ നടത്തുന്ന ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 478 കേസുകൾ ലോക്കൽ പൊലീസും 128 കേസുകൾ ക്രൈംബ്രാഞ്ചും അന്വേഷിച്ചുവരുകയാണ്. രണ്ടു വർഷത്തിനിടെ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേർ ആത്മഹത്യ ചെയ്യുകയുമുണ്ടായി. സങ്കീർണമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് അന്വേഷണം ശക്തിപ്പെടുത്താനാണ് ആഭ്യന്തര വകുപ്പ് തീരുമാനം. ഇതിനായി ക്രൈംബ്രാഞ്ചിന് കീഴിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് വിഭാഗം രൂപം നൽകിയിട്ടുണ്ട്. 233 തസ്തികകളാണ് ഇതിൽ അനുവദിച്ചിരിക്കുന്നത്. പൊലീസ് ഹൈടെക് സെൽ, സൈബർ ഡോം, സൈബർ പൊലീസ് സ്റ്റേഷൻ എന്നിവയെ ഉപയോഗപ്പെടുത്തി ഡിജിറ്റൽ മേഖലയിലൂടെ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ അന്വേഷണത്തിന് ആവശ്യമായ സാങ്കേതിക സഹായവും ഇവർ നൽകുന്നുണ്ട്.
മോഹന വാഗ്ദാനങ്ങൾ നൽകി ഉടൻ പണം ലഭ്യമാക്കുന്ന ഓൺലൈൻ ലോൺ ആപ്പുകളാണ് തട്ടിപ്പുകളിൽ പ്രധാനം. തിരിച്ചടവ് വ്യവസ്ഥകളിൽ കൃത്രിമത്വം ചൂണ്ടിക്കാട്ടി കുരുക്കിലാക്കുന്നതാണ് രീതി. എത്ര തിരിച്ചടച്ചാലും വീണ്ടും പണം ആവശ്യപ്പെടുന്ന ഇത്തരക്കാരോട് നേരിട്ട് വിവരങ്ങൾ ബോധിപ്പിക്കാനും വഴിയില്ല.
വായ്പയെടുത്തവരെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തി അപമാനിക്കുന്നതും ഇവരുടെ ശൈലിയാണ്. മറ്റ് പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് അമിത പലിശക്ക് പണമെടുത്ത് തിരിച്ചടക്കാനാകാതെ കുരുങ്ങുന്നവരാണ് മറ്റുള്ളവർ. ഓൺലൈനിലൂടെ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് കേരള പൊലീസിന്റെ കാൾ സെന്റർ പ്രവർത്തിക്കുന്നുണ്ട്. 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടാൽ ബാങ്ക് അധികാരികളെ വിവരം അറിയിച്ച് പണമിടപാട് മരവിപ്പിക്കാൻ നടപടി സ്വീകരിക്കും. അനധികൃത നിക്ഷേപ പദ്ധതികളെക്കുറിച്ച പ്രചാരണം നിരീക്ഷിക്കാൻ സ്പെഷൽ ബ്രാഞ്ചിന് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.