കുടിശ്ശിക തീർത്ത് ഡ്രൈവിങ് ലൈസൻസ് അച്ചടി ഉടൻ -മന്ത്രി
text_fieldsതിരുവനന്തപുരം: അച്ചടി മുടങ്ങിയ ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) എന്നിവക്കുള്ള കുടിശ്ശിക തുക നൽകാനുള്ള ഫയൽ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും ദിവസങ്ങൾക്കകം പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. പി.കെ. ബഷീറിന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നവംബർ അവസാനവാരം മുതൽ ഡ്രൈവിങ് ലൈസൻസ്, ആർ.സി എന്നിവയുടെ അച്ചടി മുടങ്ങിയതായി മന്ത്രി പറഞ്ഞു. 2023 ആഗസ്റ്റ് മുതൽ ഡിസംബർ വരെ അച്ചടി വകയിൽ 8.66 കോടി രൂപ ഐ.ടി.ഐ ലിമിറ്റഡ് ബംഗളൂരു എന്ന കമ്പനിക്ക് കുടിശ്ശിക നൽകാനുണ്ട്.
കുടിശ്ശിക നൽകാത്തതുകാരണമാണ് അച്ചടി മുടങ്ങിയത്. ഏകദേശം 3.8 ലക്ഷം ആർ.സിയും 3.5 ലക്ഷം ലൈസൻസും അച്ചടിച്ചുനൽകാനുണ്ട്. 15 കോടി രൂപ അനുവദിക്കുന്നതിനുള്ള ഗതാഗത കമീഷണറുടെ ശിപാർശ ധനവകുപ്പിന്‍റെ പരിഗണനയിലാണ്. അച്ചടിയും വിതരണവും മുടങ്ങിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രശ്നത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടപെട്ടിട്ടുണ്ട്. ഏതാനും ദിവസത്തിനകം പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കും. അച്ചടി പൂർത്തിയായാൽ തപാൽ വകുപ്പ് പണം ആവശ്യപ്പെടും. ആ പ്രശ്നം ഒഴിവാക്കാൻ അച്ചടിക്കുന്ന കാർഡുകൾ മുഴുവൻ അതത് ആർ.ടി.ഓഫിസുകളിലേക്ക് എത്തിച്ച് വിതരണം ചെയ്യും. തപാലിൽ അയച്ച് താമസിപ്പിക്കില്ല. തിരിച്ചറിയൽ കാർഡ് കാണിച്ച് ഉടമക്കോ അദ്ദേഹം രേഖാമൂലം ചുമതലപ്പെടുത്തിയ വ്യക്തിക്കോ ഡ്രൈവിങ് ലൈസൻസ്/ ആർ.സി നേരിട്ട് കൈപ്പറ്റാം. ഏജന്‍റ് വഴി കാർഡ് വിതരണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.