കല്ലും ചവറും മാറ്റണം പയ്യാമ്പലം മൊഞ്ചാക്കണം
text_fieldsകണ്ണൂർ: ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന പയ്യാമ്പലം ബീച്ചിൽ ശുചീകരിച്ചിട്ടും തീരാതെ കല്ലും പ്ലാസ്റ്റിക്കും കുപ്പികളും അടക്കമുള്ള മാലിന്യങ്ങൾ. കുറ്റിക്കാടുകളിലും റോഡരികിലും ബീച്ചിലുമെല്ലാം ആളുകൾ ഇപ്പോഴും പ്ലാസ്റ്റിക് കവറുകളും കുടിവെള്ള കുപ്പികളും തള്ളുന്നുണ്ട്. ശുചീകരണ തൊഴിലാളികൾ ദിനേന ഇവ ശേഖരിക്കുന്നുെണ്ടങ്കിലും സഞ്ചാരികൾ കൂടുമ്പോൾ മാലിന്യവും വർധിക്കുന്നു.
അവധി ദിവസങ്ങളിലും ആഘോഷ നാളുകളിലും ആയിരക്കണക്കിന് പേരാണ് ബീച്ചിലെത്തുന്നത്. ഡി.ടി.പി.സിയുടെ പാർക്കിലും കടലോരത്തുമായി എട്ട് ശുചീകരണ തൊഴിലാളികൾ മാത്രമാണ് മാലിന്യം ശേഖരിക്കാനുള്ളത്. കൂടുതൽ തൊഴിലാളികളെ നിയമിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്.
മാലിന്യം വലിച്ചെറിയാതെ കൊട്ടയിൽ ഇടാൻ ശീലിക്കണം. നേരത്തെ ബീച്ചിൽ മാലിന്യം തരം തിരിക്കാതെ കത്തിക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ജൈവ-അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്കുമെല്ലാം തരം തിരിച്ച് കോർപറേഷന് കൈമാറുകയാണ്.
പയ്യാമ്പലത്ത് പുലിമുട്ട് നിർമാണത്തിന്റെ ബാക്കിയായി നിരവധി കരിങ്കല്ലുകൾ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നിർമാണസാമഗ്രികൾ കുന്നുകൂട്ടിയത് നിരപ്പാക്കിയെങ്കിലും കല്ലുകൾ തീരത്ത് അവശേഷിക്കുകയാണ്.
ഇത് സഞ്ചാരികൾക്കും ലൈഫ് ഗാർഡുമാർക്കും ഒരുപോലെ ഭീഷണിയാണ്. ചരിത്രപരമായും വിനോദ സഞ്ചാര രംഗത്തും പ്രാധാന്യമേറിയ പയ്യാമ്പലം ബീച്ച് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ കൂമ്പാരമായി മാറുന്ന ദുരവസ്ഥക്ക് അറുതിവരുത്താനൊരുങ്ങുകയാണ് ജില്ല പഞ്ചായത്ത്. ബീച്ച് പൊതുശുചീകരണം, ബോധവത്കരണം, നിയമ നടപടികൾ തുടങ്ങി എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്താനാണ് ശ്രമം. ആദ്യഘട്ടത്തിൽ ബീച്ച് പൊതു ശുചീകരണം സംഘടിപ്പിക്കും. ജില്ല ഭരണകൂടം, സർക്കാർ വകുപ്പുകൾ, വിവിധ മിഷനുകൾ, വ്യാപാര-സന്നദ്ധ സംഘടനകൾ, യുവജന - വിദ്യാർഥി സംഘടനകൾ, രാഷ്ട്രീയ, സാമൂഹിക സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര മേഖലയിലെ വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
ചൂട്ടാട് ബീച്ച് പാർക്ക് നടത്തിപ്പുകാരന് 30,000 രൂപ പിഴ
കണ്ണൂർ: പുഴയിലേക്ക് മാലിന്യം തള്ളിയതിനും ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടതിനും കത്തിച്ചതിനും ഡി.ടി.പി.സിയുടെ ചൂട്ടാട് ബീച്ച് പാർക്ക് നടത്തിപ്പുകാരന് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് 30000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് കവറുകൾ, തെർമോകോൾ, തുണികൾ, പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവയോടൊപ്പം ജൈവ മാലിന്യങ്ങളും കൂട്ടിക്കലർത്തിയ രീതിയിലാണ്. ജലാശയം മലിനീകരിച്ചതിന് 25,000 രൂപയും ജൈവ- അജൈവമാലിന്യങ്ങൾ തരംതിരിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 5,000 രൂപയും പഞ്ചായത്തീരാജ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പിഴ ചുമത്തി. നടപടികൾ സ്വീകരിക്കാൻ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാടായി പഞ്ചായത്തിന് നിർദേശം നൽകി. ടീം ലീഡർ പി.പി. അഷ്റഫ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.വി. സുമേഷ്, നിതിൻ വത്സലൻ, മോറിസ് മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പയ്യാമ്പലം ബീച്ചിനെ വെടിപ്പാക്കാനാണ് ശ്രമം. ശുചിത്വസാഗരം, സുന്ദര തീരം എന്ന സർക്കാർ നിലപാടിനെ ശക്തിപ്പെടുത്താൻ മാതൃകാപരമായ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാനായി തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി രൂപവത്കരിക്കും.-പി.പി. ദിവ്യ,ജില്ല പഞ്ചായത്ത് പ്രസിഡന്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.