ഇതര സംസ്ഥാനക്കാരെ തട്ടിക്കൊണ്ടുപോകൽ: അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsപയ്യന്നൂർ: പരിയാരത്ത് ഇതര സംസ്ഥാനക്കാരെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. പരിയാരം സി.ഐ കെ.വി. ബാബു, എസ്.ഐ എം.പി. ഷാജി, തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാര്‍ എന്നിവരും ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളുമടങ്ങുന്ന സംഘമാണ് അന്വേഷണം തുടങ്ങിയത്.
സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിയാരം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാനിറ്റൈസര്‍ വാങ്ങാനെത്തിയ സംഘത്തെ കണ്ണൂര്‍-കാസര്‍കോട് ജില്ലക്കാരായ ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് കൊള്ളയടിച്ചുവെന്ന പരാതിയിലും രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനുമാണ് കേസുകള്‍. ആദ്യത്തേതിൽ ഒമ്പതുപേര്‍ക്കെതിരെയാണ് കേസ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ പൊലീസ് രക്ഷപ്പെടുത്തിയ മൂന്നംഗ സംഘത്തെ കോവിഡ് പശ്ചാത്തലത്തില്‍ വിശദമായി ചോദ്യംചെയ്യാന്‍ സാധിച്ചിട്ടില്ല.
എന്നാല്‍, സംഭവത്തില്‍ അന്തർ സംസ്ഥാന മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി അറിയുന്നു. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. ഞായറാഴ്ച വൈകീട്ട് ഗോവയില്‍ നിന്നെത്തിയ അഞ്ചംഗ സംഘത്തെ കാഞ്ഞങ്ങാട്ടും പരിയാരത്തുമുള്ള ഒമ്പതംഗ സംഘം കാറിലും രണ്ട് ബൈക്കുകളിലുമായെത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി മർദിക്കുകയും സ്വര്‍ണമാലകളും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണമാണ് മയക്കുമരുന്ന് ലോബിയിലേക്ക് വിരൽചൂണ്ടുന്നത്.
തട്ടിക്കൊണ്ടുവന്നവരെ തടവില്‍ പാര്‍പ്പിച്ച ഇരിങ്ങലിലെ ക്വാര്‍ട്ടേഴ്സില്‍നിന്നും രണ്ടുകിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇരിങ്ങലിലെ വ്യക്തി വാടകക്കെടുത്ത ക്വാര്‍ട്ടേഴ്സില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട് അന്തർ സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നതെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടിയ കാഞ്ഞങ്ങാട്ടെയും കോരന്പീടികയിലെയും പടന്നക്കാട്ടെയും യുവാക്കളും മറ്റ് അഞ്ചുപേരുമാണത്രെ ഈ വീട്ടില്‍ തടവിലാക്കപ്പെട്ട മുംബൈ കുലാവയിലെ ഓംരാജ്(42), കല്യാണിലെ സമാധാന് (34), ഗുജറാത്ത് അഹമ്മദാബാദിലെ അഷ്വിന് (29) എന്നിവരെയും ഓടിരക്ഷപ്പെട്ട കര്‍ണാടക ബളഗാവിയിലെ സഞ്ജയ് (55), മുംബൈയിലെ സതീഷ് (47) എന്നിവരെയും ഇവിടെ എത്തിച്ചത്.
നിരോധിച്ച 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ക്കുപകരം പുതിയ നോട്ടുകള്‍ കൊടുക്കുന്ന സംഘമാണ് ഇവരെന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
അഞ്ചംഗ സംഘത്തില്‍നിന്നും ഒരു ലക്ഷം രൂപ, സതീഷിെൻറ രണ്ട് പവന് സ്വര്‍ണമാല, എ.ടി.എം കാര്‍ഡ്, ഓംരാജിെൻറ 16,000 രൂപ എന്നിവ അക്രമിസംഘം തട്ടിയെടുത്തതായും പരാതിപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി കുറ്റ്യേരി പുഴയില്‍ ചൂണ്ടയിടുകയായിരുന്ന സംഘത്തെക്കണ്ട കാറില്‍ ഉണ്ടായിരുന്ന ഒരാൾ രക്ഷിക്കണമെന്ന് ഇംഗ്ലീഷില്‍ വിളിച്ചുപറഞ്ഞു. ഇവരിൽനിന്ന് വിവരം ലഭിച്ച പൊലീസ് നടത്തിയ തിരച്ചിലില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട രണ്ടുപേരെ കണ്ടെത്താനായിട്ടില്ല. മുംബൈയില്‍നിന്നും ഗോവ വഴി എത്തിയ സംഘത്തിെൻറ ൈകയില്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ ഉണ്ടായിരുന്നതായി സൂചനകളുണ്ട്.
കേസ് വഴിതിരിച്ചുവിടുന്നതിനാണ് കറന്‍സി നോട്ടുകളുടെ കഥകള്‍ മെനയുന്നതെന്ന സംശയത്തിലാണ് പൊലീസ്.
കാറില്‍ തട്ടിക്കൊണ്ടുപോയ സഞ്ജയ്, സതീഷ് എന്നിവരെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ചതായി പ്രതികളിലൊരാൾ പറഞ്ഞത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ഇരുവരുടെയും ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് ഫോൺ ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.