പയ്യോളിയിൽ വീട്ടുപറമ്പിലൂടെ അനധികൃതമായി റോഡ് നിർമ്മിക്കുന്നത് തടയാൻ ശ്രമിച്ച യുവതിക്ക് ക്രൂരമർദനം
text_fieldsപയ്യോളി : അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് നിർമ്മിക്കുന്നത് തടയാൻ തടയാൻ ശ്രമിച്ച യുവതിക്ക് ക്രൂരമർദനം. ഇരിങ്ങൽ കൊളാവിപ്പാലത്തിന് സമീപം താമസിക്കുന്ന ലിഷ (44 ) എന്ന യുവതിക്കാണ് മൺവെട്ടി കൊണ്ടുള്ള അക്രമത്തിൽ തലക്ക് ആഴത്തിൽ മുറിവേറ്റത്. ഞാറാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.
തൻ്റെ അനുമതിയില്ലാതെ വീട്ടുപറമ്പിലൂടെ റോഡ് നിർമിക്കാനുള്ള ശ്രമം ലിഷ തടഞ്ഞു. ഇതേതുടർന്ന് റോഡ് നിർമാണത്തിനായി മണ്ണിറക്കാൻ വന്നവർ മൺവെട്ടി കൊണ്ട് ലിഷയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അടിയേറ്റ് വീണ ലിഷയെ ഏറെ സമയം കഴിഞ്ഞ് പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സംഭവത്തിൽ 37 പേർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഏഴ് പേർക്കെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് പയ്യോളി പൊലീസ് കേസെടുത്തത്. എന്നാൽ പ്രതിപട്ടികയിലുള്ളവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വീട്ടിൽ ലിഷയും മാതാവുമാണ് താമസം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. കോടതി ഇടപെട്ട് ലിഷയുടെ വീട് നിൽക്കുന്ന പതിമൂന്ന് സെൻ്റ് പുരയിടത്തിലൂടെ റോഡ് നിർമ്മിക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവിറക്കിയിരുന്നു.
ഇത് മൂന്നാം തവണയാണ് യുവതിക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടാവുന്നത്. മൂന്ന് വർഷം മുമ്പ് ലിഷയുടെ സ്കൂട്ടർ സമീപത്തെ പുഴയിൽ ഉപേക്ഷിച്ചിരുന്നു. 2019 ൽ ലിഷയുടെ സ്ഥലം കൈയ്യേറി വൃക്ഷതൈകളും ചെടികളും വെട്ടി നശിപ്പിച്ച് റോഡ് നിർമ്മിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ അന്നത്തെ പയ്യോളി നഗരസഭ കൗൺസിലർ ചെറിയാവി സുരേഷ് ബാബുവടക്കം 12 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.