ബസിൽ ചില്ലറ നൽകിയില്ല; വിദ്യാർഥിയെ മഴയത്ത് വഴിയിലിറക്കി വിട്ടതായി പരാതി
text_fieldsപയ്യോളി: പത്ത് രൂപക്ക് ചില്ലറയില്ലാത്തതിനാൽ കോരിച്ചൊരിയുന്ന മഴയത്ത് വിദ്യാർഥിയെ സ്വകാര്യ ബസ് കണ്ടക്ടർ വഴിയിൽ ഇറക്കിവിട്ടതായി പരാതി. പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് ദുരനുഭവമുണ്ടായത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ സ്കൂൾ വിട്ട ശേഷമാണ് സംഭവം. കൊയിലാണ്ടിയിൽ നിന്ന് വടകരക്ക് പോകുന്ന 'സജോഷ്' ബസ്സിൽ കയറിയതായിരുന്നു വിദ്യാർഥി. വിദ്യാർഥികളുടെ കൺസഷൻ നിരക്കായ മൂന്നു രൂപ ചാർജ്ജിനായി പത്ത് രൂപ നൽകിയ കുട്ടിയോട് കണ്ടക്ടർ ബാക്കി ഏഴു രൂപ നൽകാൻ ചില്ലറയില്ലെന്ന് പറയുകയുണ്ടായി. ഇതേതുടർന്ന് സഹപാഠിയുടെ തുകയടക്കം രണ്ട് പേരുടെ തുകയായ ആറു രൂപ കഴിച്ച് ബാക്കി തന്നാൽ മതിയെന്ന് വിദ്യാർഥി ആവശ്യപ്പെട്ടു. ഇത് കേൾക്കാതെ തിമർത്ത് പെയ്യുന്ന മഴയത്ത് തൊട്ടടുത്ത സ്റ്റോപ്പായ പയ്യോളി ബസ് സ്റ്റാൻഡിൽ കണ്ടക്ടർ വിദ്യാർഥിയെ ഇറക്കിവിടുകയായിരുന്നുവെന്നാണ് പരാതി.
കടയിൽ നിന്ന് ചില്ലറ മാറിയ ശേഷം വിദ്യാർഥി മറ്റൊരു ബസ്സിൽ യാത്ര തിരിക്കുകയായിരുന്നു. സംഭവത്തിൽ പയ്യോളി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.