എം.എൽ.എ സ്ഥാനം രാജിവെക്കില്ല: ലീഗിനെ കള്ളൻമാരാക്കാനുള്ള ശ്രമമെന്ന് അബ്ദുൽ റസാഖ്
text_fieldsകണ്ണൂർ: മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തെന്ന ആരോപണം നിഷേധിച്ച് എം.എൽ.എ പി.ബി.അബ്ദുൽ റസാഖ്. വിഷയവുമായി ബന്ധപ്പെട്ട് രാജി വെക്കുന്ന പ്രശനമില്ല. കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞുവെന്ന ആരോപണം തെറ്റാണ്. ഇത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. വിധി വരെട്ട, അപ്പോൾ കാണാം- എം.എൽ.എ പ്രതികരിച്ചു.
മരിച്ചവരുടെ പേരിൽ വോട്ട് ചെയ്തെന്ന ആരോപണം കള്ളമാണ്. ജനങ്ങൾക്കിടയിൽ മുസ്ലിം ലീഗിനെ കള്ളൻമാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ റസാഖ് കുറ്റപ്പെടുത്തി.
ബി.ജെ.പി വെറുതെ കള്ളം പ്രചരിപ്പിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. താന്‍ രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ബി.ജെ.പി ഉയർത്തികൊണ്ടുവന്ന കള്ളവോട്ട് വിവാദം ലീഗ് നേതൃത്വം ഗൗരവമായി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി അസിസ്റ്റന്റ് സൊളിസിറ്റർ ജനറൽ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വോട്ടിങ്ങിൽ ക്രമക്കേട് നടന്നെന്നു കാട്ടി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ നല്കിയ ഹരജിയിക്ക് ബലമേകുന്നതായിരുന്നു റിപ്പോർട്ട്.
സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ പോലും വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് സുരേന്ദ്രൻ നേരത്തെ പരാതി നൽകിയിരുന്നു. 259 പേരുടെ പേരില്‍ കളളവോട്ട് നടന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം. ഇവരുടെ പേര്, പ്രായം, വിലാസം തുടങ്ങിയ മുഴുവന്‍ രേഖകളും സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കള്ളവോട്ട് ആരോപണം തെളിയിക്കപ്പെട്ടാല്‍ മുസ്ലിം ലീഗ് എം.എൽ.എയായ അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കാനോ, കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന്‍ 89 വോട്ടിനാണ്പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.