നമസ്കാരം... നമസ്കാരം... നമസ്കാരം... - 100 കോടിയുടെ കോഴ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ പി.സി. ചാക്കോ
text_fieldsതിരുവനന്തപുരം: എൻ.സി.പി കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് എൻ.ഡി.എ അജിത് പവാർ പക്ഷത്തേക്ക് മാറാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വാർത്തയെക്കുറിച്ച് പ്രതികരിക്കാതെ പി.സി. ചാക്കോ. മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ നമസ്കാരം... നമസ്കാരം... നമസ്കാരം... എന്ന് മാത്രം പറഞ്ഞ് നടന്നകലുകയായിരുന്നു. തന്നെ വളഞ്ഞ മാധ്യമപ്രവർത്തകരിൽനിന്ന് രക്ഷപ്പെടാൻ 30ഓളം തവണയാണ് പി.സി. ചാക്കോ ‘നമസ്കാരം...’ പറഞ്ഞത്.
ഇതേ വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചില്ല. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും മറുപടി പറയാൻ എം.വി ഗോവിന്ദൻ തയാറായില്ല.
100 കോടിയുടെ കോഴ ആരോപണം
കോടികൾ നൽകി മറ്റുപാർട്ടികളിലുള്ള ജനപ്രതിനിധികളെ അടർത്തിയെടുക്കാൻ രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടത്തിന് കേരളത്തിലും നീക്കം നടന്നതായുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് എൻ.സി.പി (ശരദ് പവാർ) എം.എൽ.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നൽകിയെന്നാണ് പുറത്തുവന്ന വിവരം. എൽ.ഡി.എഫിലെ ഏകാംഗ കക്ഷി എം.എൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർ.എസ്.പി-ലെനിനിസ്റ്റ്) എന്നിവർക്കാണ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തതത്രെ. കഴിഞ്ഞതിനു മുൻപത്തെ നിയമസഭ സമ്മേളന കാലത്ത് എം.എൽ.എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയാണ് ഇരുവർക്കും കോടികൾ വാഗ്ദാനം നൽകിയതത്രെ. സംഭവം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.