‘കേരള സ്റ്റോറി’ക്ക് എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല -പി.സി ജോർജ്; ‘രാജ്യത്തെ സംരക്ഷിക്കുന്നവരാണ് ആർ.എസ്.എസുകാർ’
text_fieldsകോട്ടയം: ‘കേരള സ്റ്റോറി’യെ പിന്തുണച്ച് പി.സി. ജോർജ്. കോട്ടയം തപസ്യ കലാസാഹിത്യവേദിയും തമ്പ് ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച കേരള സ്റ്റോറി സംവാദത്തിലായിരുന്നു സിനിമയെ പിന്തുണച്ചതിനൊപ്പം വിവാദ പരാമർശങ്ങളുമായി ജോർജ് രംഗത്തെത്തിയത്.
ഈ സിനിമക്ക് എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ലെന്ന് സംവാദം ഉദ്ഘാടനം ചെയ്ത് ജോർജ് പറഞ്ഞു. ‘ലവ് ജിഹാദ്’ എന്ന വാക്കില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാൽ, ഈ വൃത്തികെട്ട വഞ്ചന കഴിഞ്ഞ 10 വർഷമായി നടക്കുന്നുണ്ട്. ഇന്ത്യ വിഭജിച്ച കാലത്ത് ഇത്തരം വൃത്തികെട്ടവന്മാരെ ഗാന്ധിജി തടഞ്ഞതാണ് ഇന്ത്യയോട് ചെയ്ത ക്രൂരത. ഇതിനെയൊക്കെ വിട്ടിരുന്നെങ്കിൽ അത്രയും കുഴപ്പങ്ങൾ കുറഞ്ഞേനെ. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കിലും ഈ കുഴപ്പമുണ്ടാകില്ലായിരുന്നു. ശരീരം ഇന്ത്യയിലും മനസ്സ് അവിടെയുമെന്ന നിലയുള്ള ചിലർക്ക് ചെലവിന് കൊടുക്കേണ്ട ഗതികേടാണ് രാജ്യത്തിനെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമൂഹം മാന്യന്മാരുടേതാണ്. ഒരു പറ്റമാണ് പ്രശ്നക്കാർ. പ്രേമിച്ച് വിവാഹം കഴിക്കുന്നതിന് എതിരല്ല. ഇവരുടെ മതവിശ്വാസവും പ്രശ്നമല്ല. എന്നാൽ, മനഃപൂർവം കല്യാണം കഴിച്ച് മതം മാറ്റുന്നതിനെയാണ് എതിർക്കുന്നത്. ഇത്തരത്തിൽ കല്യാണം കഴിച്ച് അഫ്ഗാനിസ്താനിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഹിന്ദു പെൺകുട്ടികളെയാണ് ഏറ്റവും കൂടുതൽ ഇത്തരത്തിൽ മതം മാറ്റിയത്. ക്രിസ്ത്യാനികളാണ് പിന്നിലുള്ളത്. മീനച്ചിൽ താലൂക്കിൽനിന്ന് 500ഓളം പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. 40ഓളം പെൺകുട്ടികളെ തിരിച്ച് വീട്ടിലെത്താൻ താൻ മുൻകൈയെടുത്തിട്ടുണ്ട്.
തന്റെ വീട്ടിലും മതംമാറ്റം നടന്നിട്ടുണ്ടല്ലോയെന്നാണ് പറയുന്നത്. അവളുടെ പിതാവ് പറഞ്ഞിട്ടാണ് ക്രിസ്ത്യാനിയാക്കിയത്. ജനസംഖ്യ വർധിപ്പിക്കാതെ പിള്ളേച്ചന്മാർ ചുമ്മാതിരുന്നാൽ അപകടത്തിലാകും. പിണറായിയുടെ മനസ്സ് പൊന്നാനിയിലാണ്. ചിന്ത ജെറോമിന് പകരം ആരെയാണ് നിയമിച്ചത്. ഹിന്ദുക്കളോട് പിണറായി നീതി കാട്ടുന്നില്ല. മുസ്ലിം തീവ്രവാദികൾ രാജ്യത്തിന് എതിരാണ്. എന്നാൽ, രാജ്യത്തെ സംരക്ഷിക്കുന്നവരാണ് ആർ.എസ്.എസുകാരെന്നും ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.