'14 ജില്ലകളില്‍ ഏഴിലും ഒരു സമുദായത്തിലെ കലക്ടർമാർ'; നുണ പ്രചരണവുമായി പി.സി.ജോർജ്
text_fieldsസംസ്ഥാനത്തെ 14 ജില്ലകളില്‍ ഏഴിലും ഒരു സമുദായത്തിലെ കലക്ടർമാരെന്ന നുണപ്രചരണവുമായി പി.സി. ജോർജ് എം.എൽ.എ. സീറോ മലബാര്‍ യൂത്ത് മൂവ്മെൻറ് ഈരാറ്റുപേട്ട, അരുവിത്തുറയില്‍ പി.എസ്.സിയിലെ നിയമനപ്രശ്നത്തിലും ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജിെൻറ പരാമര്‍ശം. ഇതോടൊപ്പം മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് നിരവധി വ്യാജവിവരങ്ങളും ജോർജ് പ്രചരിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിലടക്കം സംസ്ഥാനത്തെ ഉന്നത അധികാര തസ്തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
കേരളത്തിലെ 14 ജില്ലകളില്‍ ഏഴിലേയും കളക്ടര്‍മാർ ഒരു സമുദായത്തില്‍പ്പെട്ടവരാണെന്നും ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നുമാണ് പി.സി ജോര്‍ജ് യോഗത്തിൽ പറഞ്ഞത്. മന്ത്രി കെ ടി ജലീലിെൻറ കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥനെ പോലും കാണാനാവില്ലെന്നും ജോര്‍ജ് പറയുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ പദവി തീരുമാനിക്കുന്ന സമയത്ത് ബി .ഇക്ബാലിെൻറ പേരാണ് ഇടത് പാര്‍ട്ടികള്‍ ഉന്നയിച്ചതെന്നും ഒടുവില്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാന്‍സിലറാക്കിയതെന്നും പി.സി ജോര്‍ജ് പ്രസംഗമധ്യേ പറഞ്ഞു.
എന്നാൽ ജോർജ് പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമായിതന്നെ തെറ്റാണെന്ന് മേഖലയിലുള്ളവർ പറയുന്നു.സംസ്ഥാനത്ത് നാല് കളക്ടര്‍മാര്‍ മാത്രമാണ് മുസ്ലിംകളുള്ളത്. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലാണ് മുസ്‌ലിം കലക്ടർമാരുള്ളത്. ഇവരാരും തന്നെ സാമുദായികാടിസ്ഥാനത്തിൽ കലക്ടർമാർ ആയവരുമല്ല. കെ. ടി. ജലീലിെൻറ കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്ലിംകളാണ് ഭൂരിപക്ഷമെന്ന വാദവും വ്യാജമാണ്. വകുപ്പിൽ ഏതാണ്ട് 90 ശതമാനത്തിൽ അധികവും മുസ്‌ലിം ഇതര മതസ്ഥരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.