പി.സി. ജോർജിന്റെ അറസ്റ്റ്: പൊലീസിന് പാളിച്ച
text_fieldsതിരുവനന്തപുരം: പി.സി. ജോര്‍ജിനെതിരായ ലൈംഗിക പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ചും അറസ്റ്റിൽ പൊലീസിന് പാളിച്ച സംഭവിച്ചതായി നിരീക്ഷിച്ചും കോടതി. ജോർജിനെതിരെ പരാതി നൽകാൻ അഞ്ചുമാസത്തോളം വൈകിയതിന് കാരണം ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാമ്യ ഉത്തരവിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് അദിനിമോൾ രാജേന്ദ്രന്റെ നിരീക്ഷണം. അതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. പരാതി നൽകാൻ വൈകിയതിന് പിന്നിൽ താൽപര്യങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചിരുന്നു.
ഫെബ്രുവരി പത്തിന് പീഡനം നടന്നതായാണ് പരാതി. ഇപ്പോൾ നൽകിയ പരാതിയിൽ എവിടെയും വൈകിയ കാരണം കൃത്യമായി ബോധിപ്പിച്ചിട്ടില്ല. നിയമ നടപടിയെക്കുറിച്ച് നല്ല അറിവുള്ളയാളാണ് പരാതിക്കാരിയെന്നും മുന്‍മന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജോർജിനെ അറസ്റ്റ് ചെയ്ത മ്യൂസിയം പൊലീസ് നടപടിക്രമം പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യാനാണ് ജോര്‍ജിനെ വിളിച്ചുവരുത്തിയത്. അതിന്റെ നടപടിക്രമങ്ങള്‍ക്കിടെയാണ് പീഡനക്കേസിലെ അറസ്റ്റ്. സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ്. 41 എ പ്രകാരം നോട്ടീസ് നല്കി വേണം അറസ്റ്റ്. പ്രതിക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ അവകാശം നല്‍കണം. അതൊന്നും ഈ കേസിൽ പാലിച്ചില്ല- കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.