സത്യഭാമ പറഞ്ഞതിൽ സത്യമുണ്ടെന്ന് പി.സി. ജോർജ്: ‘വെളുത്ത പെണ്ണിന് കറുത്ത പെണ്ണിനേക്കാൾ പ്ലസ് ഉണ്ട്, കറുത്ത പെണ്ണിനെ നല്ലവണ്ണം മേക്കപ്പ് ചെയ്യണം’
text_fieldsകോഴിക്കോട്: സത്യഭാമയുടെ വർണവെറി പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി നേതാവ് പി.സി. ജോർജ്. സത്യഭാമ പറഞ്ഞതിൽ അൽപം സത്യമുണ്ടെന്ന് പറഞ്ഞ ജോർജ്, തനിക്ക് ആ സ്ത്രീയോട് വൈരാഗ്യം തോന്നിയിട്ടില്ലെന്നും വ്യക്തമാക്കി.
കറുത്ത പെൺകുട്ടിയേക്കാൾ വെളുത്ത പെൺകുട്ടിക്ക് പ്ലസ് ഉണ്ടെന്നും അപ്പോൾ കറുത്ത പെണ്ണിനെ നല്ലവണ്ണം മേയ്ക്കപ്പ് ചെയ്ത് കൊണ്ട് നിർത്തിയേക്കണമെന്നും ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘എനിക്ക് സത്യഭാമയോട് ൈവരാഗ്യം തോന്നിയിട്ടില്ല. അവർ പറഞ്ഞതിൽ അൽപം സത്യം ഉണ്ട്. നല്ല സുന്ദരനായ പയ്യൻ പാട്ടുപാടുമ്പോൾ ഒരു രസം തോന്നും. നല്ല സുന്ദരിയായ പെൺകുട്ടി വന്ന് പാട്ടുപാടുമ്പോഴും ഒരു രസം തോന്നും. ചലച്ചിത്രതാരം വിനീതിനെപ്പോലെ നൃത്തം ചെയ്യാൻ നർത്തകിമാർക്കുപോലും കഴിയില്ല. അപ്പോൾ കറുത്ത പെൺകുട്ടിയേക്കാൾ വെളുത്ത പെൺകുട്ടിക്ക് പ്ലസ് ഉണ്ട്. അപ്പോൾ ചെയ്യേണ്ടതെന്താ? ആ കറുത്ത പെണ്ണിനെ നല്ലവണ്ണം മേയ്ക്കപ്പ് ചെയ്ത് കൊണ്ട് നിർത്തിയേക്കണം. ഇതാ എന്റെ അഭിപ്രായം. സത്യസന്ധമായി പറയണ്ടേ? അത് കൊണ്ട് പറഞ്ഞതാ’ -പി.സി. ജോർജ് പറഞ്ഞു. എന്നാൽ, നിറത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ കലയെ വിലയിരുത്തരുത് എന്ന് അഭിപ്രായമുണ്ടെന്നും ജോർജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നര്‍ത്തകനും കലാഭവൻ മണിയുെട സഹോദരനുമായ ആർ.എൽ.വി രാമകൃഷ്ണനെതിരെ കടുത്ത അധിക്ഷേപവുമായി സത്യഭാമ രംഗത്തുവന്നത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും അവന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
''മോഹിനിയായിരിക്കണം എപ്പോഴും മോഹിയാട്ടം കളിക്കുന്ന ആൾക്കാര്. ഇയാള് കണ്ട് കഴിഞ്ഞാല് കാക്കയുടെ നിറം. കാൽ കുറച്ച് അകത്തിവെച്ച് കളിക്കുന്ന ഒരു ആർട്ട്ഫോം ആണ്. ഒരു പുരുഷൻ കാലും കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുക എന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകമില്ല. എന്‍റെ അഭിപ്രായം, മോഹനിയാട്ടം ആൺപിള്ളേർക്ക് പറ്റുന്നെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിലും സൗന്ദര്യമുള്ളവരില്ലേ. അവരായിരിക്കണം. ഇവനെ കണ്ട് കഴിഞ്ഞാൽ ദൈവം പോലും പെറ്റ തള്ള പോലും സഹിക്കില്ല’ -എന്നായിരുന്നു പരാമർശം.
പിന്നീട് വാർത്താസമ്മേളനത്തിലും സത്യഭാമ തന്‍റെ പരാമർശത്തിൽ ഉറച്ചുനിന്നു. ‘സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോൾ. കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതികരിക്കും’ -അവർ പറഞ്ഞു.
തന്‍റെ കറുപ്പാണ് തന്‍റെ അഴകെന്നും തന്‍റെ കുലത്തിന്‍റെ ചോരയാണ് എന്നെ കലാകാരനാക്കിയതെന്നുമായിരുന്നു ആർ.എൽ.വി രാമകൃഷ്ണൻ ഇതിന് മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.