പി.സി. ജോർജ് ഇഫക്ടും ക്രിസ്ത്യൻ പ്രീണനവും ഏശിയില്ല; നാണംകെട്ട് ബി.ജെ.പി
text_fieldsതിരുവനന്തപുരം: പി.സി. ജോർജ് ഇഫക്ടും ക്രിസ്ത്യൻ പ്രീണനവും ഫലം കാണാതിരുന്നതോടെ തൃക്കാക്കരയിൽ ബി.ജെ.പിക്ക് നാണംകെട്ട തോൽവി. സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാളായ എ.എൻ. രാധാകൃഷ്ണനെ ഇറക്കിയിട്ടും വോട്ട് വിഹിതം കുറഞ്ഞത് സംസ്ഥാന ഭരണം പിടിക്കാൻ നീങ്ങുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. പോളിങ് ശതമാനത്തിലുണ്ടായ കുറവാണ് വോട്ട് വിഹിതത്തിലെ കുറവിന് കാരണമെന്ന് പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രൻ പറയുമ്പോഴും തൃക്കാക്കരയിലെ മോശം പ്രകടനം വരുംദിവസങ്ങളിൽ സംസ്ഥാന ബി.ജെ.പിക്കുള്ളിൽ പല ചർച്ചകൾക്കും കാരണമാകും.
ഒരുവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ എസ്. സജി നേടിയ 15,483 വോട്ടിന്‍റെ സ്ഥാനത്ത് രാജഗോപാലിന്‍റെ പിൻഗാമിയെന്ന അവകാശവാദത്തോടെ മത്സരിച്ച എ.എൻ. രാധാകൃഷ്ണന് നേടാനായത് 12,957 വോട്ട് മാത്രമാണെന്നത് ബി.ജെ.പിയുടെ തളർച്ച വ്യക്തമാക്കുന്നു. കഴിഞ്ഞതവണെത്തക്കാൾ 2526 വോട്ട് കുറവാണ് കിട്ടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11.34 ശതമാനം വോട്ട് നേടിയപ്പോൾ ഇക്കുറി കാടടച്ചുള്ള പ്രചാരണം നടത്തിയിട്ടും 9.57 ശതമാനം മാത്രമേ നേടാൻ സാധിച്ചുള്ളൂവെന്നത് പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയാണ്.
ജനപക്ഷം നേതാവ് പി.സി. ജോർജിന്‍റെ അറസ്റ്റും അദ്ദേഹത്തിന്‍റെ പ്രചാരണവും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള വിവാദങ്ങളുമൊന്നും ബി.ജെ.പിയെ സഹായിച്ചില്ല. 2011ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമാണ് ഇത്തവണ ബി.ജെ.പിക്ക് കിട്ടിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ 2014ൽ 12 ശതമാനത്തോളം വോട്ട് നേടിയ ചരിത്രം വെച്ചാണ് മുതിർന്ന നേതാവായ എ.എൻ. രാധാകൃഷ്ണനെ ബി.ജെ.പി കളത്തിലിറക്കിയത്. പേക്ഷ ഇതിനോട് ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന് വലിയ താൽപര്യമുണ്ടായിരുന്നില്ലെന്നതാണ് സത്യം. എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്ന വ്യക്തിയെന്ന അതൃപ്തിയും അദ്ദേഹത്തിനെതിരെയുണ്ടായി. ക്രിസ്ത്യൻ വോട്ടുകൾ ഭിന്നിപ്പിച്ച് നേടാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനും കനത്ത തിരിച്ചടിയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.