Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോലീസിൻെറ വീഴ്ചയാണ്...

പോലീസിൻെറ വീഴ്ചയാണ് പറഞ്ഞത്; നടിയെ ആക്ഷേപിച്ചിട്ടില്ല -പി.സി ജോർജ് 

text_fields
bookmark_border
പോലീസിൻെറ വീഴ്ചയാണ് പറഞ്ഞത്; നടിയെ ആക്ഷേപിച്ചിട്ടില്ല -പി.സി ജോർജ് 
cancel

കോട്ടയം: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശമായി സംസാരിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി പി.സി ജോർജ് എം.എൽ.എ രംഗത്ത്. തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശമുന്നയിച്ച ഭാഗ്യലക്ഷ്മി, ഗായിക സയനോര എന്നിവർക്കാണ് ഫേസ്ബുക്കിലൂടെ ജോർജ് മറുപടി നൽകിയത്. ഡല്‍ഹിയിലെ നിര്‍ഭയയെക്കാള്‍ ക്രൂരമായ രീതിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട്. അങ്ങനെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പോലീസിന്റെ വീഴ്ചയാണ്. പോലീസ് പറഞ്ഞത് ശരിയാണെങ്കില്‍ നിര്‍ഭയയെപ്പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികില്‍സ തേടിയത് എന്ന് ജനങ്ങള്‍ സംശയിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അതല്ലാതെ പീഡനത്തിനിരയായ നടിയെ ആക്ഷേപിക്കുകയായിരുന്നില്ല, മറിച്ച് പോലീസിന്റെ വീഴ്ച പരാമര്‍ശിക്കുകയാണ് ചെയ്തത്. ഇത് മനസ്സിലാക്കാതെയാണ് തനിക്കെതിരെ ഇവർ രംഗത്തെത്തിയതെന്നും ജോർജ് പറഞ്ഞു.

പി.സി ജോർജിൻെറ ഫേസ്ബുക്ക് പോസ്റ്റ്

''തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ടു വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസ്സിലാവില്ല''
എന്നെ പേരെടുത്ത് പരാമര്‍ശിച്ചും അഭിസംബോധന ചെയ്തും മലയാള സിനിമയിലെ ഒരു സ്ത്രീരത്‌നം അവരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം വിശ്വസിച്ചു കുറിച്ച വരികളാണ് മേല്‍ ഉദ്ധരിച്ചത്. ഇതിനൊരു പശ്ചാത്തലമുണ്ട്.

കൊച്ചിയില്‍ ഒരു സിനിമാനടിയെ പള്‍സര്‍സുനി എന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വാഹനത്തില്‍ വച്ച് ആക്രമിച്ച സംഭവമുണ്ടായി. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് സിനിമാ നടനായ ദിലീപ് ആണെന്ന വ്യാപകമായ പ്രചാരണമുണ്ടായി. ദിവസങ്ങളോളം നീണ്ടുനിന്ന മാധ്യമ വിചാരണകളുമുണ്ടായി. ഇതില്‍ ദിലീപ് കുറ്റക്കാരനാണെന്ന തോന്നലാണ് ആദ്യം എനിക്കുമുണ്ടായത്. പക്ഷേ പിന്നീട് പോലീസ് പ്രചരിപ്പിച്ച കഥകള്‍ അവിശ്വസനീയമായി തോന്നി. പള്‍സര്‍ സുനിയുടെ നാടകീയമായ അറസ്റ്റും തുടര്‍ന്നുള്ള പോലീസിന്റെ നീക്കങ്ങളും വേറൊരു രീതിയില്‍ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഒരാളെ നേരിട്ടു കേസില്‍ ബന്ധിപ്പിച്ച് പ്രതിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നൊരു ഫലപ്രദമായ വഴി പോലീസ് സ്വീകരിക്കാറുള്ളത് കേസുമായി ബന്ധപ്പെടുത്തിയുള്ള ഗൂഡാലോചന ചുമത്തി പ്രതി സ്ഥാനത്തെത്തിക്കുക എന്ന രീതിയാണ്. കേരളത്തില്‍ പിറന്ന കുപ്രസിദ്ധമായ ചാരക്കേസും, സിനിമാ നടന്‍ സുമന്റെ കേസും ഫാദര്‍. ബെനഡിക്ട് പ്രതിയായ മാടത്തരുവി കൊലക്കേസുമെല്ലാം കെട്ടിച്ചമച്ച കേസുകളായിരുന്നുവെന്ന് പിന്നീട് തെളിയുകയുണ്ടായി. ഇതുപോലെ ദിലീപെന്ന സിനിമാനടന്റെ ജീവിതം തകര്‍ക്കാന്‍ വേണ്ടി നടി ആക്രമിക്കപ്പെട്ട കേസുമായി അയാളെ ബന്ധിപ്പിക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചന നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യമാണ് ഞാന്‍ ഉന്നയിച്ചത്. 

പള്‍സര്‍ സുനി ജയിലില്‍ വച്ച് എഴുതിയ കത്തില്‍ ജയില്‍ സൂപ്രണ്ട് നിയമവിരുദ്ധമായി ജയില്‍മുദ്ര പതിപ്പിച്ച് പുറത്തയക്കുക കൂടി ചെയ്തപ്പോള്‍ എന്റെ സംശയങ്ങള്‍ വര്‍ദ്ധിച്ചു. ഒരു പൊതു പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം മുന്‍ അനുഭവങ്ങളും കീഴ്‌വഴക്കങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. നമ്പി നാരായണനടക്കം നാലഞ്ചു ശാസ്ത്രഞ്ജരും സുമന്‍ എന്ന നായക നടനും ഒരു പുരോഹിതനും പോലീസിന്റെ കെട്ടിച്ചമയ്ക്കലുകളുടെ ഇരകളായി കണ്‍മുന്നിലുള്ളപ്പോള്‍ ദിലീപും അങ്ങനായിക്കൂടേ എന്ന എന്റെ സംശയം ഞാന്‍ ഉന്നയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും വിശ്വാസ്യ യോഗ്യമായ ഒരു തെളിവുപോലുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ എന്റെ സംശയത്തിലും നിലപാടിലും ഇപ്പോഴും ശക്തമായി ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇതാണ് ആ പശ്ചാത്തലം. 


കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തിനിടെ നടി ആക്രമിക്കപ്പെട്ട വിഷയവും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. അഞ്ചാറു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് മരണപ്പെട്ട ഡല്‍ഹിയിലെ നിര്‍ഭയയെക്കാള്‍ ക്രൂരമായ രീതിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് എന്നാണ് പ്രചരിക്കുന്നത്. അങ്ങനെ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പോലീസിന്റെ വീഴ്ചയാണ്. പോലീസ് പറഞ്ഞത് ശരിയാണെങ്കില്‍ നിര്‍ഭയയെപ്പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികില്‍സ തേടിയത് എന്ന് ജനങ്ങള്‍ സംശയിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അതല്ലാതെ പീഡനത്തിനിരയായ നടിയെ ആക്ഷേപിക്കുകയായിരുന്നില്ല, മറിച്ച് പോലീസിന്റെ വീഴ്ച പരാമര്‍ശിക്കുകയാണ് ചെയ്തത്. ഇത് മനസ്സിലാക്കാതെയാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച വരികള്‍ ആ സ്ത്രീരത്‌നം എന്നെക്കുറിച്ച് പറഞ്ഞത്. സ്ത്രീത്വത്തെക്കുറിച്ചും സദാചാര ബോധത്തെക്കുറിച്ചും ഉപദേശിക്കാനും പറഞ്ഞു തരുവാനും ഏറ്റവും അര്‍ഹതയുള്ള മാന്യവനിത തന്നെയാണവര്‍ എന്ന കാര്യത്തില്‍ എനിക്ക് ഒരുതരി സംശയം പോലും ബാക്കിയില്ല. അത്ര മികച്ച നിലവാരത്തിലുള്ള സംഭാവനകളും പ്രവര്‍ത്തനങ്ങളും അവരുടേതൊയ മേഖലകളില്‍ അവര്‍ നല്‍കിയിട്ടുമുണ്ട്. പൊതുജനങ്ങള്‍ക്ക് അത് വിശദമായി അറിയില്ലെങ്കിലും സിനിമാരംത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അക്കാര്യത്തില്‍ വിശദവും കൃത്യവുമായ ബോദ്ധ്യമുണ്ടെന്ന കാര്യത്തില്‍ എനിക്ക് രണ്ടുപക്ഷവുമില്ല. പക്ഷേ ഏങ്കിലും മറുപടി പറയാതിരിക്കാനുമാവില്ല.


ശരിയാണ്, ഒരു കര്‍ഷക കുടുംബത്തില്‍ പിറന്നതു കൊണ്ട് റബ്ബറും ഏലവും തോക്കും അത്യാവശ്യത്തിനു പണവും കണ്ടു വളരാനുള്ള അവസരമുണ്ടായിട്ടുണ്ട്. ഞാന്‍ വളര്‍ന്ന ചുറ്റുപാടുകളില്‍ ജീവിച്ചിരുന്ന ആളുകള്‍ക്കും എന്റെ കുടുംബത്തിനും ഏലവും റബ്ബറും കുരുമുളകും കപ്പയുമൊക്കെ കൃഷി ചെയ്യേണ്ടി വന്നിരുന്നു. കാരണം,ജീവിക്കാന്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. അക്കാലത്ത് സിനിമയില്‍ കയറി ശബ്ദം നല്‍കിയും അഭിനയിച്ചും ഉപജീവനം കഴിക്കാന്‍ എല്ലാവര്‍ക്കും കഴിയുകയുമില്ലായിരുന്നു. കൃഷി ചെയ്തും അതിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചുമാണ് അക്കാലത്ത് കഴിഞ്ഞിരുന്നത്. ശരിയാ പലര്‍ക്കും അക്കാലത്ത് തോക്കുമുണ്ടായിരുന്നു. ഇപ്പോ എന്റെ കൈവശമുള്ള പോലുള്ള പിസ്റ്റല്‍ അല്ല നാടന്‍ തോക്ക്. അതു ചുമ്മാ പൊട്ടിച്ചു കളിക്കാനുള്ളതായിരുന്നില്ല. പകലന്തിയോളം ചോര വിയര്‍പ്പാക്കി നട്ടുനനച്ചു വയ്ക്കുന്നതൊക്കെ കുത്തിമലര്‍ത്താനും നശിപ്പിക്കാനുമായി ഇരുട്ടിന്റെ മറവു പറ്റിയെത്തുന്ന കാട്ടുപന്നികളേയും കാട്ടാനക്കൂട്ടത്തെയും കുരങ്ങന്‍മാരുടെ സംഘത്തെയും വെടിശബ്ദം കൊണ്ട് വിരട്ടിയോടിക്കാന്‍ അന്നത് അത്യാവശ്യവുമായിരുന്നു. 

അപ്പനും അമ്മയും ചേട്ടനും നാലു പെങ്ങന്‍മാര്‍ക്കുമൊപ്പമാണ് ഞാന്‍ വളര്‍ന്നത്. വലിയ അംഗസംഖ്യയുള്ള കുടുംബമായിരുന്നതുകൊണ്ട് സ്ത്രീകളായ ബന്ധുജനങ്ങള്‍ അനവധിയായിരുന്നു. ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തില്‍ വളര്‍ന്നതിനാല്‍ അസംഖ്യം വീടുകളുമായി അടുത്ത് സഹകരിച്ചാണ് വളര്‍ന്നത്. അവിടെയൊക്കെ മാന്യമായി മാനത്തോടെ കഴിഞ്ഞിരുന്ന സ്ത്രീകളില്‍ നിന്നാണ് ഞാന്‍ പെണ്ണിന്റെ മാനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. അതും കഴിഞ്ഞ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് വന്നിട്ടിപ്പോല്‍ നാലു നാലര പതിറ്റാണ്ടായി. 27 വര്‍ഷമായി ജനപ്രതിനിധിയുമാണ്. എത്ര ആയിരം കുടുംബങ്ങളുമായി അടുത്തിടപഴകി അവരിലൊരാളായി ജീവിക്കുന്നവനുമാണ്. അങ്ങനെയുള്ള കുടുംബങ്ങളില്‍ കഴിയുന്നവരില്‍ നിന്നാണ് സ്തീകളുടെ മാനത്തിന്റെ വിലയും അന്തസും ഞാന്‍ കൂടുതലായി മനസ്സിലാക്കുന്നത്. സിനിമ എന്റെ കര്‍മ്മമേഖലയല്ലാത്തതിനാല്‍ അവിടെ സ്‌പെഷ്യലൈസ് ചെയ്ത് പ്രസ്തുത കാര്യം മനസ്സിലാക്കാനുള്ള അവസരമുണ്ടായിട്ടില്ല. ഇപ്പോള്‍ വീട്ടിലാണെങ്കില്‍ ഞാന്‍ അപ്പനും അമ്മായിഅപ്പനും വല്യപ്പനും ഭര്‍ത്താവുമാണ്. അനുഭവസമ്പത്ത് ഏറെയുണ്ടെന്ന് ചുരുക്കം. അതുകൊണ്ട് ഈ പ്രായത്തിലെത്തിനില്‍ക്കുന്ന ഞാന്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നുമൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കൂടി മാന്യ സോദരിയായ സ്ത്രീരത്‌നത്തെ അറിയിക്കുന്നു.


ഒരു കാര്യം കൂടി ,തയ്യല്‍ക്കാരന്‍ തുന്നിയ അത്യപൂര്‍വ്വമായ വസ്ത്രം പ്രജകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഘോഷമായി രാജാവ് ഏഴുന്നള്ളി വരുമ്പോള്‍ ഒരു പുരുഷാരം മുഴുവന്‍ ആരവമിളക്കി ആര്‍പ്പു വിളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രാജാവ് നഗ്‌നനാണെന്നു വിളിച്ചു പറഞ്ഞ ഒരു കൊച്ചു കുട്ടിയുടെ ശബ്ദം ഒറ്റപ്പെട്ടതായിരിക്കാം. പക്ഷേ ആരു ചന്ദ്രഹാസമിളക്കി ഉറഞ്ഞു തുള്ളിയാലും പി.സി. ജോര്‍ജ് എന്ന ഞാന്‍ എന്റെ നിലപാടും ശബ്ദവും ആ കുട്ടിയുടെ ഭയമില്ലാത്ത നിലപാടിനോടും ശബ്ദത്തോടുമൊപ്പമേ ഈ ജന്മത്ത് ചേര്‍ത്തു വയ്ക്കു. കാരണം നല്ലൊരപ്പന്‍ സാത്വികയായൊരു സ്ത്രീയില്‍ ജനിപ്പിച്ച് ദൈവഭയത്തില്‍ വളര്‍ത്തിയ മകനാണ് ഞാന്‍. ആ ബോദ്ധ്യം ഓരോ നിമിഷത്തിലുമുള്ളതുകൊണ്ട് സത്യാംശത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കാനും വര്‍ത്തമാനം പറയുവാനുമേ എനിക്കു കഴിയുകയുള്ളൂ. അവിടെ ഞാന്‍ കയ്യടികള്‍ പ്രതീക്ഷിക്കാറേയില്ല സഹോദരീ എന്നുകൂടി അറിയിക്കട്ടെ!
പാട്ടുപാടുന്ന ഒരു കുഞ്ഞും മാധ്യമങ്ങളില്‍ വന്നത് വിശ്വസിച്ച് എന്നെ ഉപദേശിച്ചതായി ആരോ പറഞ്ഞറിഞ്ഞു. ഒരു കേസിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ FIR എങ്കിലും വായിച്ചു നോക്കണമെന്നാണ് ആ കുഞ്ഞ് എന്നെ ഉപദേശിച്ചതായി ഞാന്‍ മനസ്സിലാക്കുന്നത്. ആ കുഞ്ഞിനുള്ള മറുപടി, ദൂരെ നിന്ന് പോലിസിനെ കണ്ടും പിന്നവരെക്കുറിച്ചുമുള്ള കേട്ടറിവും മാത്രമല്ലേ കുഞ്ഞിനുള്ളൂ? എനിക്കങ്ങനെയല്ല കുഞ്ഞേ അടുത്തു നിന്നുള്ള അറിവുണ്ട്. ജനങ്ങള്‍ എന്നെയേല്‍പ്പിച്ച ഞാന്‍ ചെയ്യുന്ന ജോലിയുടെ ഒരു പ്രത്യേകത മൂലം പോലീസിനെക്കുറിച്ചും അവര്‍ തയ്യാറാക്കുന്ന FIRനെക്കുറിച്ചും വളരെ അടുത്തു നിന്നുള്ള കൃത്യമായ അറിവ് എനിക്കുണ്ട്. അതുകൊണ്ടാണ് പോലീസ് റിപ്പോര്‍ട്ടുകളെയും മാധ്യമ റിപ്പോര്‍ട്ടുകളെയും ഞാന്‍ വെള്ളം തൊടാതെ വിഴുങ്ങാത്തതെന്ന വിവരം അ വിമര്‍ശനക്കുഞ്ഞിനെ കൂടി അറിയിക്കട്ടെ.

-പി.സി. ജോര്‍ജ്ജ് എം.എല്‍.എ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeSayanora Philipfb postactress attack caseBhagya Lakshmi
News Summary - PC George fb post on actress attack case
Next Story