പീഡനകേസിൽ പി.സി ജോർജിന് ജാമ്യം
text_fieldsതിരുവനന്തപുരം: പീഡന കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന് ജാമ്യം.തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി പി.സിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി.പരാതിക്കാരിക്ക് വിശ്വാസയോഗ്യതയില്ലെന്നായിരുന്നു പി.സി ജോർജിന്റെ അഭിഭാഷകന്റെ പ്രധാനവാദം. മുൻ മുഖ്യമന്ത്രിക്കെതിരെ വരെ ആരോപണം ഉന്നയിച്ച ആളാണ് പരാതിക്കാരി. നിയമവശങ്ങളെക്കുറിച്ച് പരാതിക്കാരിക്ക് ധാരണയുണ്ടെന്നും കോടതിയിൽ വാദം ഉയർന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കായി യുവതിയെ ഗെസ്റ്റ്‌ഹൗസിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ എം.എൽ.എയും ജനപക്ഷം നേതാവുമായ പി.സി. ജോർജ് അറസ്റ്റിൽ. പീഡന പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാൻ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ഗൂഢാലോചന നടത്തിയെന്ന കേസിലുൾപ്പെട്ട പി.സി. ജോർജ് ഇതിനായി പരാതിക്കാരിയുടെ സഹായം തേടിയിരുന്നത്രേ. മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ സ്വപ്‌ന തന്നോട് വെളിപ്പെടുത്തിയെന്ന് പറയണമെന്നാവശ്യപ്പെട്ട് ജോർജ് യുവതിയെ കഴിഞ്ഞ ഫെബ്രുവരി 10ന് തൈക്കാട് ഗെസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെവെച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കേസന്വേഷിക്കുന്ന പ്രത്യേകസംഘത്തിനും കോടതിയിലും രഹസ്യമൊഴി നൽകിയ യുവതി ശനിയാഴ്ച ഉച്ചക്ക് 12.30ഓടെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു
മകനും ഓട്ടോ ഡ്രൈവർക്കുമൊപ്പം ഗെസ്റ്റ്‌ഹൗസിലെത്തിയ പരാതിക്കാരിയെ ജോർജ് 404ാം നമ്പർ മുറിയിലേക്ക് വിളിപ്പിച്ചു. മകനെ ഡ്രൈവർക്കൊപ്പം പുറത്തിരുത്തി. മുറിയിൽ തൊടുപുഴ സ്വദേശി അനിലുമുണ്ടായിരുന്നു. ഇയാൾ പുറത്തുപോയ ശേഷം വാതിൽ അകത്തുനിന്ന് പൂട്ടിയ ജോർജ് പരാതിക്കാരിയോട് ലൈംഗികചുവയോടെ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്‌തു. ഇതിന് വിസ്സമ്മതിച്ചതോടെ ബലപ്രയോഗം നടത്തുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.