നേതാക്കളുടെ മക്കളും അരങ്ങിൽ; പി.സി ജോർജിന് പിന്തുണ ഷോണും 12 ശിഷ്യന്മാരും
text_fieldsകോട്ടയം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഷോൺ ജോർജിനെ സംബന്ധിച്ച് എല്ലാംകൊണ്ടും പുതുമ നിറഞ്ഞതാണ്. കഴിഞ്ഞ തവണത്തെപ്പോലെ അകത്തിരുന്നല്ല, പുറത്തിറങ്ങിയാണ് പിതാവും പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥിയുമായ പി.സി. ജോർജിനുവേണ്ടി ഷോണിെൻറ പ്രചാരണം.
അന്ന് എം.എൽ.എയുടെ മകൻ എന്ന പരിവേഷം മാത്രമായിരുന്നെങ്കിൽ ഇപ്പോഴത് ജനപ്രതിനിധിയിലേക്ക് മാറി. അതോടെ ബാലചന്ദ്രമേനോെൻറ സിനിമപോലെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങി എല്ലാം സന്തോഷത്തോടെ ഏറ്റെടുത്തു.
മകൻ ഷോണും മറ്റ് 12 അനുയായികളുമുള്ള സ്റ്റിയറിങ് കമ്മിറ്റിക്കാണ് ജോർജിെൻറ തെരഞ്ഞെടുപ്പ് ചുമതല. രണ്ടുപേർക്കുവീതം പ്രത്യേക ചുമതലകൾ വീതിച്ചുനൽകിയിട്ടുണ്ട്. മൂന്നുദിവസം കൂടുേമ്പാൾ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.
ഇവരുടെ മേൽനോട്ടത്തിനൊപ്പം തെൻറ ഡിവിഷനുകീഴിലെ പഞ്ചായത്തുകളിലെ വീടുകളിൽ വോട്ടുതേടിയിറങ്ങുന്നുമുണ്ട്. രാവിലെ ആറുമുതൽ പത്തുവരെ മാത്രമേ അതിന് സമയം കിട്ടൂ. ഭാര്യ പാർവതി പരീക്ഷ തിരക്കുകൾ കഴിഞ്ഞ് തിങ്കളാഴ്ച മുതൽ പ്രചാരണത്തിനെത്തി. കോരുത്തോട്, പൂഞ്ഞാർ പഞ്ചായത്തുകളാണ് പാർവതിക്ക് ചുമതല നൽകിയിട്ടുള്ളത്.
''2010 മുതലാണ് ഞാൻ പ്രചാരണരംഗത്ത് സജീവമായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റ വീട്ടിൽപ്പോലും പിതാവിനുവേണ്ടി വോട്ടുതേടിപ്പോയില്ല. ഇത്തവണ ജനങ്ങളെ അഭിമുഖീകരിച്ചു. കുടുംബയോഗങ്ങളിലും പാർട്ടി യോഗങ്ങളിലും പങ്കെടുത്തു.
എക്കാലത്തെയും വൻ ഭൂരിപക്ഷത്തോടെ ഇത്തവണ ജയിക്കുമെന്നുതന്നെയാണ് പ്രതീക്ഷ''- ഷോൺ പറഞ്ഞു. കെ.എസ്.സി യിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഷോൺ കോട്ടയം ജില്ല പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷൻ പ്രതിനിധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.