പ്രചാരണത്തിന് തുടക്കമിട്ട് ജോർജ്; കരുത്തരെത്തേടി വലത്-ഇടത് മുന്നണികൾ
text_fieldsകോട്ടയം: പൂഞ്ഞാറിൽ കേരള ജനപക്ഷം സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.സി. ജോർജ് പ്രഖ്യാപിച്ചതോടെ, കരുതലോടെ സ്ഥാനാർഥി നിർണയത്തിന് ഇടത്-വലത് മുന്നണികൾ. കഴിഞ്ഞ തവണ പൂഞ്ഞാറിൽ മൂന്നാംസ്ഥാനത്തായ എൽ.ഡി.എഫ് ഇക്കുറി കരുത്തനെ രംഗത്തിറക്കാനാണ് ആലോചിക്കുന്നത്. ജോർജിെനതിരെ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കാനായി സീറ്റ് സി.പി.എംതന്നെ ഏറ്റെടുക്കുന്ന തരത്തിലും ആലോചനകൾ പുരോഗമിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.ജെ. തോമസിനെ മത്സരിപ്പിക്കാനാണ് ആലോചന.
പിണറായി വിജയനും കെ.ജെയെ രംഗത്തിറക്കണമെന്ന നിലപാടിലാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംതന്നെ സ്ഥാനാർഥിയായാൽ സംസ്ഥാന നേതൃത്വത്തിെൻറ പ്രത്യേക ശ്രദ്ധയും മണ്ഡലത്തിലുണ്ടാകുമെന്നും കഴിഞ്ഞ തവണത്തേതുപോലുള്ള വോട്ട്ചോർച്ച തടയാനാകുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ, കേരള കോൺഗ്രസ്-എമ്മും പൂഞ്ഞാർ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പൂഞ്ഞാറിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണിവർ.
മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പൂഞ്ഞാറിൽ മത്സരിപ്പിക്കാണ് പാർട്ടിയിൽ ആലോചന. കഴിഞ്ഞ തവണ മത്സരിച്ച ജോർജ്കുട്ടി അഗസ്തി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് എം.കെ. തോമസ്കുട്ടി, മുൻ പി.എസ്.സി അംഗം ലോപ്പസ് മാത്യു എന്നിവരും പരിഗണനയിലുണ്ട്.
മറുഭാഗത്ത് കോൺഗ്രസിലും ജോർജിനെതിരെ കരുത്തനായ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്ന വികാരം ശക്തമാണ്. ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയതോടെ ജോർജിനെതിരെ കോൺഗ്രസ് പ്രതിഷേധവും ഉയർത്തുന്നുണ്ട്. ഉമ്മൻ ചാണ്ടിയും മണ്ഡലത്തിലെ വിജയം അഭിമാനപ്രശ്നമായാണ് കാണുന്നത്. അതിനാൽ ജോർജിെൻറ വ്യക്തിപ്രഭാവം മറികടക്കുന്ന സ്ഥാനാർഥി വേണമെന്നാണ് ഉമ്മൻ ചാണ്ടി അടുപ്പക്കാരോട് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ പൂഞ്ഞാറിലേക്ക് ജോസഫ് വാഴക്കൻ, ടോമി കല്ലാനി എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്. അതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പൂഞ്ഞാറിനായി രംഗത്തുണ്ട്. ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പിലിനാണ് സീറ്റ്. എന്നാൽ, കടുത്ത മത്സരത്തിന് കോൺഗ്രസ് സ്ഥാനാർഥി വേണമെന്നാണ് പ്രവർത്തകരുടെ പൊതുവികാരം.
അതിനിടെ, സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുപിന്നാലെ പി.സി. ജോർജ് പ്രചാരണത്തിനും തുടക്കമിട്ടു. ജനപക്ഷം ചെയർമാൻ ഇ.കെ. ഹസൻകുട്ടിയാണ് ജോർജിനെ പൂഞ്ഞാർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ വ്യാപകമായി ചുവരെഴുത്തും നടത്തിയിട്ടുണ്ട്. പോസ്റ്റുകളും തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ പൂഞ്ഞാറിൽ ഇടത്-വലത്-ബി.ജെ.പി സ്ഥാനാർഥികളെ തോൽപിച്ച് 27,821 വോട്ടുകൾക്കാണ് പി.സി. ജോർജ് വിജയിച്ചത്. എന്നാൽ, കഴിഞ്ഞ തവണത്തെ അനുകൂല സാഹചര്യമില്ലെന്ന വിലയിരുത്തലാണ് ജോർജിനൊപ്പമുള്ളവർക്ക്. പലഭാഗങ്ങളിൽനിന്നും എതിർപ്പും ശക്തമാണ്. ഇതോടെ എൻ.ഡി.എ വോട്ട് നേടാനുള്ള നീക്കങ്ങളിലാണ് ജോർജ്. ബി.ജെ.പി നേതാക്കളുമായി ചർച്ച പുരോഗമിക്കുകയാണ്. അടുത്ത ദിവസം പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ നിർത്തുന്ന കാര്യവും ജനപക്ഷം ആലോചിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലത്തിൽ ജനപക്ഷം നിർണായക ശക്തിയാണെന്നും േജാർജ് അവകാശപ്പെടുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ സ്ഥാനാർഥിയെ നിർത്താനാണ് ജനപക്ഷത്തിെൻറ ആലോചന. പാലായിൽ ഷോൺ ജോർജിനെയാണ് പരിഗണിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ മൂന്നിന് ചേരുന്ന ജനപക്ഷം നേതൃയോഗത്തിലേ അന്തിമതീരുമാനമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.