പി.സി. ജോർജിൻറെ വിദ്വേഷ പ്രസംഗം: പൊലിസ് നിലപാട് നിയമവാഴ്ചയെ പരിഹസിക്കുന്നു- എസ്.ഡി.പി.ഐ
text_fieldsകോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന പി.സി. ജോര്‍ജിനെ കേസെടുക്കേണ്ടതില്ലെന്ന പൊലിസ് നിലപാട് നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്ന് എസ്.ഡി.പി.ഐ. ജാമ്യ വ്യവസ്ഥകൾ പോലും ലംഘിച്ച് വിഷലിപ്തമായ നുണപ്രചാരണം നടത്തുന്ന ജോർജിനെതിരേ കേസെടുക്കാത്തത് മതേതര പൊതുബോധത്തെ വെല്ലുവിളിക്കുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാരും സംഘപരിവാരത്തെ ഭയപ്പെടുന്നു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ദിനം പ്രതി കാണുന്നത്. ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾക്ക് എന്ത് വിദ്വേഷവും നുണപ്രചാരണവും നടത്താം സർക്കാർ ഒപ്പമുണ്ട് എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. രാഷ്ട്രപിതാവിൻറെ ചെറുമകനെ കൈയേറ്റം ചെയ്ത ആർ.എസ്. എസുകാരെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച നാടാണ് കേരളം.
പൊതുസമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നപ്പോൾ മാത്രമാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞതും അക്രമികൾക്കെതിരേ കേസെടുത്തതും. സംഘപരിവാരത്തെ അകറ്റി നിർത്തുന്ന കേരളീയ മതേതര കാഴ്ചപ്പാടിനെ വെല്ലുവിളിക്കുന്നതാണ്. കേന്ദ്ര മന്ത്രി നിർമലാ സീതാരാമനുമായി ഗവർണറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഹൗസിൽ നടത്തിയ രഹസ്യ ചർച്ചയുടെ ഭാഗമാണോ ഇപ്പോഴത്തെ ഒത്തുതീർപ്പ് നിലപാടുകൾ എന്നു സംശയമുണ്ട്.
ജോർജിൻറെ വിഷനാവിന് പൂട്ടിടാത്ത പക്ഷം കേരളം സംഘർഷഭരിതമാവുമെന്ന് രാഷ്ട്രീയ നിരീക്ഷകരും സാംസ്കാരിക നായകരും മുന്നറിയിപ്പ് നൽകിയിട്ടും സർക്കാരും പോലിസും മുഖവിലയ്ക്കെടുത്താത്തത് പ്രതിഷേധാർഹമാണ്. സാമൂഹിക ധ്രുവീകരണത്തെയും സ്പർദയെയും എങ്ങിനെ വോട്ടാക്കി മാറ്റാമെന്നാണ് ബിജെപിയെ പോലെ സി.പി.എമ്മും ശ്രമിക്കുന്നത്.
ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നീതിന്യായ സംവിധാനത്തെ പോലും വെല്ലുവിളിക്കുന്ന ജോർജിനെ തിരേ നിയമനടപടി സ്വീകരിക്കാൻ പൊലിസ് കാണിക്കുന്ന അലംഭാവം വലിയ സമൂഹിക വിപത്തിന് വഴിയൊരുക്കുമെന്ന് ആശങ്കപ്പെടുന്നതായും സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.